ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിനായി ഹിമാചല്‍ പ്രദേശിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സംസ്ഥാനത്ത് ലോക് ഡൗണ്‍ ആയിരിക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ വ്യക്തമാക്കി. കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരവധി സംസ്ഥാനങ്ങളാണ് ഇതുവരെ അടച്ചത്. ഹിമാചല്‍ പ്രദേശ്, ഒഡീഷ, രാജസ്ഥാന്, പഞ്ചാബ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, നാഗാലാന്റ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ് -തുടങ്ങിയവയെല്ലാം അടച്ചു. കൊവിഡ് വ്യാപനം തടയുന്നതിന് രാജ്യത്തെ 80 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടണമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളും ഈ പട്ടികയിലുണ്ടായിരുന്നു.
അതെസമയം സംസ്ഥാനത്ത് കാസര്‍കോട് മാത്രമാകും പൂര്‍ണ്ണമായും അടച്ചിടുക. ബാക്കി ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ജനജീവിതം പൂര്‍ണ്ണമായും സ്തംഭിക്കുന്നത് ഒഴിവാക്കാനാണ് എല്ലാ ജില്ലകളും പൂര്‍ണ്ണമായും അടച്ചിടാത്തത്. അതെസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുംബൈയില്‍ ചികിത്സയിലായിരുന്ന 68കാരനായ ഫിലീപ്പീന്‍സ് സ്വദേശിയാണ് മരിച്ചത്. 415പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
Discussion about this post