തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എം വിന്‍സെന്റ് എംഎല്‍എ സ്വകാര്യ ബില്ലുമായി രംഗത്ത്. അയ്യപ്പ വിശ്വാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിച്ച് ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാണ് സ്വകാര്യ ബില്ലില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ സ്വകാര്യ ബില്ലിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. സുപ്രിംകോടതി വിധിക്കെതിരെ സ്വകാര്യബില്‍ കൊണ്ടുവരാനാകില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്കി. ബില്ലിലെ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചത്.
എന്നാല്‍ കണ്ണൂര്‍ കരുണ വിഷയത്തില്‍ വിധി മറികടന്ന് സര്‍ക്കാര്‍ നിയമം കൊണ്ട് വന്നതുപോലെ ശബരിമലയിലെ ആചാര സംരക്ഷണത്തിനും നിയമം കൊണ്ട് വരാന്‍ സാധിക്കില്ലെ എന്ന് എം വിന്‍സെന്റ് ചോദിച്ചു. എന്നാല്‍ മരിച്ച എംഎ ഷാനവാസിന് ചരമോപചാരം പറഞ്ഞ് ഇന്നത്തേക്ക് സഭ പിരിഞ്ഞു. നാളെ മുതല്‍ ശബരിമല വിഷയം നിയമസഭയില്‍ വലിയ ചര്‍ച്ചയാകുമെന്ന സൂചനയാണ് ഇത് വ്യക്തമാക്കുന്നത്.
അതെസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഏതറ്റം വരെയും പോകാന്‍ യുഡിഎഫ് തീരുമാനിച്ചു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. രാവിലെ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് കടുപ്പിച്ചത്.
ശബരിമലയില്‍ ഈ മാസം 30 വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.
Discussion about this post