മിലൻ/ന്യൂഡൽഹി: ലോകത്താകമാനം കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇതുവരെയുള്ള കണക്ക് അനുസരിച്ച് മരണസംഖ്യ 10,047 ആണ്. ഇറ്റലിയിലാണ് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 3,405 മരണങ്ങളാണ് ഇതുവരെ സംഭവിച്ചത്. ചൈനയിൽ 3248 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിൽ മരണം 1284 ആയും ഉയർന്നിട്ടുണ്ട്. അതേസമയം, 88,465 പേർ കോവിഡ് രോഗത്തെ തോൽപ്പിച്ച് അതിജീവിച്ചെന്ന കണക്കും ലോകത്തിന് ആശ്വാസം പകരുകയാണ്. 1,47367 പേരാണ് ലോകത്താകമാനം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
അതേസമയം, ഇന്ത്യയിൽ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 195 ആയി. ഇതിൽ 163 ഇന്ത്യൻ പൗരൻമാരും, 32 വിദേശപൗരൻമാരുമാണുള്ളത്. തെലങ്കാനയിൽ മൂന്നും ആന്ധ്രയിൽ ഒരാൾക്കും കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. വിദേശ യാത്ര കഴിഞ്ഞെത്തിയവർക്കാണ് രോഗബാധ.
കേരളത്തിൽ എത്തുന്ന വിദേശ ടൂറിസ്റ്റുകൾക്ക് നിർബന്ധിത സാമ്പിൾ പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. ലക്ഷണങ്ങൾ ഇല്ലെങ്കിലും വിദേശികൾ പരിശോധനയ്ക്ക് തയ്യാറാകണം. കാസർകോട്ടും കൊറോണ സ്ഥിരീകരിച്ചതോടെ ദുബായിയിലെ നൈഫ് എന്ന സ്ഥലത്ത് നിന്നും എത്തിയവർ നിർബന്ധമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കാണണമെന്ന് കാസർകോട് ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ന്തിനാണ് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിൽ ദുബായിൽ നിന്ന് തിരികെയെത്തിയ, രോഗലക്ഷണങ്ങളുള്ള എല്ലാവരെയും ഐസൊലേഷനിലാക്കിയിരിക്കുകയാണ് കാസർകോട്ട്.
ഇതിനിടെ കൊറോണ ലോക്സഭയിലും ചർച്ചയായിരിക്കുകയാണ്. കൊവിഡ് 19നെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തോട് നടത്തിയ പ്രസ്താവന, സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻകെ പ്രേമചന്ദ്രൻ എംപി യാണ് ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
Discussion about this post