ഫഖ്റുദ്ധീന്‍ പന്താവൂര്‍
വയനാട് തിരുനെല്ലി ക്ഷേത്രത്തിന്റെ സമീപസ്ഥലത്താണ് വെള്ളനെന്ന പേരുള്ള ആദിവാസി വൈദ്യന് താമസിക്കുന്നത്. എന്തസുഖത്തിനും നാഡിപിടിച്ച് പച്ചമരുന്നുകള്‍ നല്‍കുന്നയാളാണ്. ഒരു ദിവസം നൂറിലധികം ടോക്കണുണ്ടാകും. കാലത്ത് 6 മണിക്ക് ടോക്കണെടുക്കണം.തിരുനെല്ലി അങ്ങാടിയില്തന്നെയാണ് വൈദ്യുരുടെ ചികിത്സ.
വയനാടുള്ള സുഹൃത്താണ് കൊറോണ കാരണം വൈദ്യര് ചികിത്സനിര്ത്തിവെച്ച വിവരം അറിയിച്ചത്. രാത്രി ഏറെ വൈകിയാണ് ഇതറിയുന്നത്. വന്ന സ്ഥിതിക്ക് ഒന്നു നേരില്‍ കാണാനെത്തിയതാണ്.വൈദ്യരുടെ കടയില്‍ ‘വീട്ടിലേക്ക് പ്രവേശനമില്ല ‘ എന്ന നോട്ടീസ് പതിച്ചിട്ടുണ്ട്. എന്നിട്ടും ഞങ്ങള്‍ പുഴകടന്ന് അക്കരയിലെത്തി വെള്ളന് വൈദ്യരുടെ വീട്ടിലെത്തി.
കാളന്തിപ്പുഴയുടെ അക്കരെയാണ് വൈദ്യരുടെ വീട്.തിരുനെല്ലിക്കാട്ടിലൂടെ ഒഴുകുന്ന പുഴയാണ് കാളന്തിപ്പുഴ. പുഴയും കടന്ന് ഞങ്ങള്‍ പുല്‍മേട്ടിലൂടെ നടന്ന് വൈദ്യരുടെ വീട്ടിലെത്തി. ചങ്ങലയില്ലാത്തൊരു നായ കാവലായി വീട്ടിലുണ്ട്. വെള്ളന് വൈദ്യര് കുറിച്യര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസിയാണ്. ഈ നാട്ടില്‍ കുറിച്യര്‍ വിഭാഗക്കാര്‍ എത്തിയതിനുപിന്നില്‍ രസകരമായൊരു കഥയുണ്ട്.
പണ്ട് തിരുനെല്ലി ക്ഷേത്രത്തില്‍ തൊഴാനെത്തിയ കുമ്പള രാജകുമാരനെ വയനാട് ഭരിച്ചിരുന്ന വേട രാജവംശം തടവില്‍ പാര്പ്പിച്ചത്രേ ,വേലിയമ്പം കോട്ടയില്‍ പിടിച്ചിട്ടു. വേട രാജകുമാരിയെ വിവാഹം കഴിപ്പിക്കാനായിരുന്നു രാജാവിന്റെ പ്ലാന്‍. വിവാഹവും കഴിപ്പിച്ചു. മകന് തടവിലാണെന്നറിഞ്ഞ കുമ്പള രാജാവ് കോട്ടയത്തിന്റെയും കുറുമ്പ്രനാടിന്റെയും സഹായം തേടി. അവര്‍ വന്‍ സൈന്യവുമായി എത്തി.
ആ സൈന്യമാണ് വയനാട്ടിലെ കുറിച്യര്‍. വേടന്മാരെ കുറിച്യര്‍ നിഷ്പ്രയാസം തോല്‍പ്പിച്ചു. അവശേഷിച്ച പലരും ഉള്‍ക്കാടുകളിലേക്ക് രക്ഷപ്പെട്ടു. ചിലര്‍ അടിമകളായി. ഉള്‍ക്കാടുകളിലേക്ക് രക്ഷപ്പെട്ടവരാണ് കാട്ടുനായ്ക്കര്‍ ആദിവാസി വിഭാഗം. അടിമത്തം സ്വീകരിച്ചവരാണ് കുറുമര്‍. കുറിച്യര്‍ പണ്ടേ ശക്തരും ധീരരും അഭ്യാസികളുമാണ്. പഴശ്ശിക്ക് കൂട്ടായതും ഇവര്‍തന്നെ.
അങ്ങനെ തിരുനെല്ലിയിലെത്തിയ പടയാളിക്കുടുമ്പത്തിന്റെ പിന്‍തലമുറയിലെ പേരും പെരിമയും കേട്ട തറവാടുവഴിയിലെ അംഗമാണ് വെളളന് വൈദ്യര്. വെള്ളന് ശക്തനാണ്, കണ്ടാല്‍തന്നെ ആ കരുത്ത് നമ്മെ അതിശയിപ്പിക്കും. കാട്ടില്‍പോയി പച്ചമരുന്നുകള്‍ കൊണ്ടുവന്ന് എണ്ണയുണ്ടാക്കിയാണ് ചികിത്സ. കാശൊന്നും അങ്ങനെ വാങ്ങില്ല.
പത്ത് കൊടുത്താലും 100 കൊടുത്താലും ഒരെ സന്തോഷം. ഇതര സംസ്ഥാനങ്ങളില്‍ നിന്നൊക്കെ നിരവധി പേര് വൈദ്യരുടെ അടുത്ത് എത്താറുണ്ട്. ക്യാന്‍സറിനാണ് പ്രധാന ചികിത്സ. ഫലമുണ്ടെന്നാണ് അനുഭവസ്ഥര്‍ ഒന്നടങ്കം പറയുന്നത്. ക്യാന്‍സറിന് മാത്രമല്ല എല്ലാ അസുഖത്തിനും വൈദ്യരുടെ കൈയില്‍ ചികിത്സയുണ്ട്.
വീട്ടിലേക്ക് വന്നതിന് വൈദ്യര് കുറെ വഴക്ക് പറഞ്ഞെങ്കിലും ഞങ്ങള്‍ തിരികെ പോകാന്‍ തയ്യാറായില്ല. ഒടുവില്‍ മരുന്ന് നല്കി. കൊറോണ ഭയന്ന് നാഡിയൊന്നും പിടിച്ചില്ല. മരുന്നിന് എത്ര നിര്‍ബന്ധിച്ചിട്ടും പണം വാങ്ങിയതുമില്ല. അത്ഭുതം തന്നെ ഈ മനുഷ്യന്. അന്നേരം മംഗലാപുരത്തുനിന്ന് ഒരു ക്യാന്‍സര്‍ രോഗി വന്നിരുന്നു.
അയാളെയും ചീത്ത പറയുന്നുണ്ടെങ്കിലും മരുന്നു നല്‍കിയാണ് വിട്ടത്.’കൊറോണയെ എനിക്ക് ഭയമില്ലെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ‘വൈദ്യര് ഞങ്ങളെ ഓര്‍മിപ്പിച്ചു. വൈദ്യര് ഒരു വിസ്മയമായി അപ്പോഴും ആകാശംമുട്ടേ നിറഞ്ഞു നിന്നു.
കൊവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശം പാലിക്കാന്‍ നമ്മള് നിര്ബന്ധിതരാണന്ന സന്ദേശം നാടിപിടിക്കാത്തതിലൂടെ സമൂഹത്തിന് പകര്‍ന്ന കാട്ടില്‍ ജീവിക്കുന്നവര്‍ ഉള്ള കാലത്താണ്
നിയമത്തെ കാറ്റില്‍ പറത്തി ചില ആളുകള്‍ എയര്‍പോര്‍ട്ടില്‍ ‘ഷോ’ നടത്തിയത് എന്ന് ഓര്‍ക്കുമ്പോള്‍ വെള്ളന് വൈദ്യരെ കുറിച്ച് അഭിമാനം തോന്നുന്നു.
( മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമാണ് ലേഖകന്‍. ഫോണ്‍: 9946025819)
Discussion about this post