ലിസ്ബൺ: പ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള സിആർ 7 ഹോട്ടലുകൾ ആശുപത്രികളാക്കി മാറ്റി കൊറോണയ്ക്കെതിരെ പോരാട്ടം നടത്തുമെന്ന വാർത്തകളെ തള്ളി ഹോട്ടൽ അധികൃതർ. ഇത് ഇപ്പോൾ ഹോട്ടലാണ്. ആശുപത്രിയാക്കി മാറ്റുന്നതിനെ കുറിച്ച് ഇതുവരെ ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്നാണ് റൊണാൾഡോയുടെ ഹോട്ടലിലെ ജീവനക്കാരൻ ഡച്ച് മാധ്യമമായ ആർടിഎൽ ന്യൂസിനോട് പ്രതികരിച്ചത്.
റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള സിആർ 7 ഹോട്ടലുകളെല്ലാം കോവിഡ്-19ന്‍െ പ്രതിരോധിക്കാനുള്ള ആശുപത്രികളാക്കി മാറ്റുകയാണെന്നും തീർത്തും സൗജന്യമായാണ് ഇവ ഉപയോഗപ്പെടുത്തുന്നതെന്നും സ്പാനിഷ് മാധ്യമം മാർസയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള ശമ്പളമടക്കമുള്ള ചിലവുകളെല്ലാം വഹിക്കുന്നതും റൊണാൾഡോയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തള്ളിയാണ് ഹോട്ടൽ അധികൃതർ രംഗത്തെത്തിയത്.
നേരത്തെ കോവിഡ്-19ന് എതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരാധകരോടും ജനങ്ങളോടും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ കർശനമായി പലിക്കണമെന്ന് അഭ്യർഥിച്ച് റൊണാൾഡോ രംഗത്തെത്തിയിരുന്നു. യുവന്റെസിലെ സഹതാരം ഡാനിയേൽ റുഗാനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ റൊണാൾഡോ അടക്കമുള്ള താരങ്ങളും ജീവനക്കാരുമെല്ലാം നിരീക്ഷണത്തിലാണ്. റൊണാൾഡോ സ്വന്തം നാടായ മെദീരയിലാണ് ക്വാറന്റൈനിൽ കഴിയുന്നത്.
Discussion about this post