ഫറ്റോർഡ: മൂന്നാം തവണയും ഐഎസ്എൽ കിരീടം സ്വന്തമാക്കി ചരിത്രമെഴുതി എടികെ കൊൽക്കത്ത. ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ചെന്നൈയിൻ എഫ്സിയെ തുരത്തിയാണ് കൊൽക്കത്തയിലേക്ക് എടികെ മൂന്നാം കിരീടം കൊണ്ടുപോകുന്നത്. ഇതോടെ കൊറോണ മൂലം അടച്ചിട്ട സ്റ്റേഡിയത്തിനകത്ത് ഒരു ഗോളിലൊതുങ്ങിയ ചെന്നൈയിന്റെ കണ്ണീർ വീണു. ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മൂന്നു കിരീടം നേടുന്നത്. സ്പാനിഷ് താരം ഹാവിയർ ഹെർണാണ്ടസിന്റെ ഇരട്ട ഗോളാണ് കൊൽക്കത്തയ്ക്ക് തുണയായത്.
10ാം മിനിറ്റിൽ ഹാവിയർ ഹെർണാണ്ടസിലൂടെ ലീഡെടുത്ത കൊൽക്കത്തയ്ക്കായി 48ാം മിനിറ്റിൽ എഡു ഗാർഷ്യയും ഗോൾ കണ്ടെത്തി. ഇതിനിടെ, 23ാം മിനിറ്റിൽ ലീഡുയർത്താനുള്ള അവസരം കൊൽക്കത്തയ്ക്ക് ലഭിച്ചിരുന്നെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. 38ാം മിനിറ്റിൽ റോയ് കൃഷ്ണ പരിക്കേറ്റു പുറത്തായതും കൊൽക്കത്തയ്ക്ക് തിരിച്ചടിയായി.
പിന്നാലെ 69ാം മിനിറ്റിൽ ചെന്നൈയിൻ നെരിയൂസ് വാൽസ്കിസിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു. പക്ഷെ, ഇഞ്ചുറി ടൈമിൽ ഹാവിയർ ഹെർണാണ്ടസ് ഇരട്ടഗോൾ പൂർത്തിയാക്കതോടെ ചെന്നൈയിന്റെ പരാജയം പൂർണ്ണമാവുകയായിരുന്നു.
Discussion about this post