കുവൈറ്റ് സിറ്റി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി കുവൈറ്റ്. എല്ലാ സ്വദേശികളും വിദേശികളും വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്ത് പോകരുതെന്നും കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 27 ന് ശേഷം കുവൈറ്റിലെത്തിയ വിദേശികള്‍ കൊറോണ മെഡിക്കല്‍ പരിശോധനക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ ഇവര്‍ രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയമാവുകയും വേണമെന്നും സര്‍ക്കാര്‍ ഉത്തരവ് മറികടന്നു പുറത്തു പോകുന്നത് കണ്ടെത്തിയാല്‍ നാട് കടത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യവ്യാപകമായി കര്‍ശന പരിശോധനക്കും നിരീക്ഷണത്തിനും കാമ്പയിനുകള്‍ ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹോട്ടലുകളിലും മാളുകളിലും ആളുകള്‍ ഒത്തുചേര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ വിമാന സര്‍വീസുകള്‍ ഇന്നും നാളെയുമായി പൂര്‍ണ്ണമായും നിര്‍ത്തലാക്കും. ആഭ്യന്തര പൊതുഗതാഗത സര്‍വീസുകളും നിര്‍ത്തലാക്കി. കൂട്ടമായി ജനങ്ങള്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇനിയൊരറിയിപ്പ് വരെ എല്ലാ ബസ് സര്‍വീസുകളും പൊതുഗതാഗത സര്‍വീസുകളും നിര്‍ത്തുന്നതിന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
കുവൈറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. പൊതു അവധി ദിനത്തില്‍ തുറന്നു പ്രവര്‍ത്തിച്ച സ്വകാര്യ സ്കൂള്‍ അടച്ചു പൂട്ടി. ഖൈത്താനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളാണ് അധികൃതര്‍ പൂട്ടിയത്. നിയമം മറി കടക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Discussion about this post