കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശങ്ങളില്‍ പക്ഷികളെ വില്‍ക്കുന്നതിനും കൊണ്ടുപോകുന്നതിനും മൂന്ന് മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഈ പ്രദേശത്തിന് പത്ത് കിലോമീറ്റര്‍ പുറത്തുള്ള പ്രദേശത്തെ കോഴിക്കടകള്‍ അടക്കമുള്ളവ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍, ഇവിടേക്ക് പുറത്ത് നിന്ന് പക്ഷികളെ കൊണ്ട് വരാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവുമുണ്ട്.
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊടിയത്തൂര്‍, വേങ്ങരി പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ പരിധിയില്‍ വളര്‍ത്തുപക്ഷികളെ മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ കൊന്ന് കത്തിച്ചു കളഞ്ഞിരുന്നു. പ്രതിരോധ പ്രവര്‍ത്തനം എന്ന നിലയ്ക്കാണ് ഇപ്പോള്‍ ഈ പ്രദേശത്ത് പക്ഷികളെ വില്‍ക്കുന്നതിനും കൊണ്ട് പോകുന്നതിനും മൂന്ന് മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം ഫ്രോസണ്‍ ഇറച്ചികള്‍, മുട്ടകള്‍ എന്നിവ പുറത്ത് നിന്ന് കൊണ്ട് വരാന്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് മാസം തുടര്‍ച്ചയായി പരിശോധിച്ച് രോഗമില്ലെന്ന് കണ്ടെത്തിയാല്‍ മാത്രമേ നിയന്ത്രണം അവസാനിപ്പിക്കുകയുള്ളൂ. വ്യാപാരികള്‍ നിയന്ത്രണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും പരിശോധനകള്‍ ഉണ്ടാവും. കോഴിക്കോടിന് പുറമെ മലപ്പുറത്തും കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
Discussion about this post