കാസർകോട്: കൊറോണ ലക്ഷണങ്ങളെ തുടർന്ന് റിമാന്റിലായിരുന്ന പ്രതിയെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. പോക്സോ കേസിൽ അറസ്റ്റ് ചെയ്ത യുവാവിനെയാണ് കാസർകോട് താലൂക്ക് ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തിൽനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
പോക്സോ കേസിൽ പ്രതിയായതോടെ കഴിഞ്ഞവർഷം യുവാവ് നാട്ടിൽനിന്നും വിദേശത്തേക്ക് കടന്നിരുന്നു. എന്നാൽ കഴിഞ്ഞദിവസം ഇയാൾ മംഗളൂരു വിമാനത്താവളത്തിൽ എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് പോലീസ് സംഘം മംഗളൂരു വിമാനത്താവളത്തിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പക്ഷേ, ഇയാൾ വരുന്നത് മലേഷ്യയിൽനിന്നാണ് എന്ന വിവരം പോലീസ് അറിഞ്ഞിരുന്നില്ല.
പ്രതിയെ അറസ്റ്റ് ചെയ്ത് കഴിഞ്ഞദിവസം തന്നെ കാസർകോട് ജില്ലാ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്റും ചെയ്തിരുന്നു. എന്നാൽ പ്രതിയെ കാസർകോട് സബ്ജയിലിൽ എത്തിച്ചതോടെയാണ് ഇയാൾ മലേഷ്യയിൽനിന്നാണ് വന്നതെന്ന വിവരം ലഭിച്ചത്.
ഇയാൾക്ക് ജലദോഷവും ചെറിയ പനിയുമുണ്ടായിരുന്നെന്നും ഇതോടെയാണ് ശ്രദ്ധിച്ചത്. ഉടൻതന്നെ ജയിൽ സൂപ്രണ്ട് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും യുവാവിനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയുമായിരുന്നു.
Discussion about this post