കൊച്ചി: ഇറ്റലിയില്‍ നിന്ന് ബുധനാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയ മലയാളികളില്‍ 10 പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയവരില്‍ ചിലര്‍ക്ക് ചുമയും അനുഭവപ്പെടുന്നുണ്ട്.
കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റിയത്. ഇറ്റലിയില്‍ നിന്ന് 55 പേരാണ് എത്തിയത്. ഇതില്‍ 35 പേര് ആലുവ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. ഇതില്‍ ഉള്‍പ്പെട്ട 10 പേര്‍ക്കാണ് പനിയുടെ ലക്ഷണങ്ങള്‍ ഉള്ളത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.
ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനയ്ക്ക് ശേഷമേ മറ്റ് നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post