തിരുവനന്തപുരം: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ വിദേശത്ത് വിമാനത്താവളത്തിലും മറ്റും കുടുങ്ങി ഇന്ത്യൻ പൗരൻമാർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തത് ഗൗരവകരമായ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ സർക്കുലർ ആണ് ഇതിന് കാരണമെന്നും രോഗിയായതുകൊണ്ട് ഒരാളെ കയ്യൊഴിയാൻ ആകുമോയെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആരാഞ്ഞു. ഇറ്റലിയിൽ നിന്ന് മടങ്ങിവരാനാകാതെ 40 ഓളം മലയാളികൾ കുടുങ്ങിക്കിടക്കുകയാണെന്നും അവിടെ അവർ ദുരിതജീവിതം നയിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞിരുന്നു.
കേന്ദ്രസർക്കാർ ഇത്തരം ആളുകളെ കൊണ്ടുവരാൻ തയ്യാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി. രോഗമില്ല എന്ന് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. രോഗമുള്ളതുകൊണ്ട് ഒരാളെ തഴയുന്നത് ശരിയായ നടപടിയല്ല. ഇത് അപരിഷ്കൃത നടപടിയാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് കത്തയച്ചിട്ടുണ്ട്. ഇതിന് പുറമെ നിയസഭ പ്രമേയം പാസാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ പൗരൻമാർക്ക് രോഗമുണ്ടെന്ന് കരുതി അവരെ ഇവിടേക്ക് വരാൻ അനുവദിക്കാത്തത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. അത്തരത്തിൽ അവരെ തള്ളിക്കളയാൻ കഴിയില്ല. വിമാനസർവീസുകൾ റദ്ദാക്കിയ കാരണം പ്രവാസികൾക്ക് തിരിച്ചുപോകാൻ കഴിയാത്ത സാഹചര്യവും ഉണ്ട്. വിലക്ക് നീക്കാൻ എത്രയും പെട്ടെന്ന് കേന്ദ്രം നടപടി എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ വിഷയങ്ങളിൽ നോർക്കയുടെ അടക്കം ഇടപെടലുകൾ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ വിദേശികൾ ഇന്ത്യയിലേക്ക് വരുന്നത് വിലക്കിയതിന് പിന്നാലെയാണ് ഈ രാജ്യങ്ങൾ സന്ദർശിച്ച മറ്റ് പൗരന്മാർക്കും വിലക്ക് ഏർപ്പെടുത്തി കേന്ദ്രം രംഗത്തെത്തിയത്. തുടർച്ചയായി ആളുകൾ രാജ്യത്ത് എത്തുന്ന പശ്ചാത്തലത്തിലായിരുന്നു വിലക്ക്.
Discussion about this post