നെടുങ്കണ്ടം: എൽകെജിയിൽ പഠിക്കുന്ന മകൾക്കായി സ്കൂളിന് പുറത്ത് ബൈക്കിൽ പലഹാരപ്പൊതിയുമായി കാത്തിരുന്ന യുവാവിനോട് പോലീസിന്റെ ക്രൂരത. പലഹാരങ്ങൾ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞു നശിപ്പിച്ചും ബൈക്ക് എടുത്തുകൊണ്ടു പോയുമാണ് കുട്ടിയുടെ പിതാവിനോടു പോലീസ് അതിക്രമം കാണിച്ചത്. ബൈക്ക് പോലീസ് പിടിച്ചെടുത്തതോടെ വീട്ടിലേക്കു പോകാനാകാതെ പിതാവും പിഞ്ചുകുഞ്ഞും പെരുവഴിയിലുമായി. തുടർന്ന് പ്രതിഷേധവുമായി പിതാവും കുഞ്ഞും രണ്ടു മണിക്കൂറോളം റോഡിൽ കുത്തിയിരിക്കുകയും ചെയ്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് നെടുങ്കണ്ടം വിഎച്ച്എസ്ഇ സ്കൂളിനു മുമ്പിൽ പോലീസ് ക്രൂരത കാണിച്ചത്. നെടുങ്കണ്ടം കുമ്മനത്തുചിറയിൽ ഫിലിപ്പ് ഏബ്രഹാം (പ്രിൻസ് 29) ആണു പരാതിക്കാരൻ. സ്കൂൾ വിട്ടു വരുന്ന എൽകെജി വിദ്യാർത്ഥിനിയായ മകളെ കാത്തുനിന്ന തന്നെ നെടുങ്കണ്ടം സിഐ അധിക്ഷേപിച്ചെന്നും ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തെന്നും ഇയാളുടെ പരാതിയിൽ പറയുന്നു. മകൾക്കു വേണ്ടി വാങ്ങിയ പലഹാരങ്ങൾ സിഐ റോഡിൽ എറിഞ്ഞുനശിപ്പിച്ചതായും ആരോപണമുണ്ട്.
സംഭവത്തെക്കുറിച്ചു ഫിലിപ്പ് പറയുന്നത്: ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നു സ്കൂളിൽ നിന്നു മകൾ എത്തുന്നതും കാത്ത് നെടുങ്കണ്ടം വിഎച്ച്എസ്ഇ സ്കൂളിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്നു. സ്കൂൾ വിട്ടെത്തുന്ന മകളെ വീട്ടിലേക്കു കൊണ്ടുപോകാൻ ദിവസവും ഇവിടെ കാത്തിരിക്കാറുണ്ട്. സുഹൃത്തിന്റെ ബൈക്കുമായാണ് ഇന്നലെ എത്തിയത്. ബൈക്കിൽ ഇരിക്കുന്നതിനിടെ സിഐ സി ജയകുമാർ സ്ഥലത്തെത്തി. വാഹനത്തിലിരുന്ന സിഐ എന്തോ ചോദിച്ചതു കേൾക്കാൻ കഴിഞ്ഞില്ല. ‘എന്താണ് സാർ ചോദിച്ചത്’ എന്നു തിരിച്ചു ചോദിച്ചതോടെ സിഐ ക്ഷുഭിതനായി.
വാഹനത്തിൽ നിന്നു പുറത്തിറങ്ങി, മകൾക്കു വേണ്ടി വാങ്ങിയ പലഹാരങ്ങൾ റോഡിലെറിഞ്ഞു നശിപ്പിച്ചു. ഇതിനു ശേഷം സ്റ്റേഷനിൽ നിന്നു പോലീസുകാരനെ എത്തിച്ച് താൻ വന്ന ബൈക്ക് കൊണ്ടുപോയി. തിരിച്ചറിയൽ രേഖകൾ അടക്കം സിഐയെ കാണിച്ചെങ്കിലും വാഹനം തിരികെ നൽകാൻ തയാറായില്ല. സംഭവം സംബന്ധിച്ചു ജില്ലാ പോലീസ് മേധാവിക്കും കോടതിക്കും പരാതി നൽകുമെന്നു ഫിലിപ്പ് പറഞ്ഞു.
എന്നാൽ, സമീപത്തെ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കെഡറ്റ് യോഗത്തിൽ പങ്കെടുക്കാനാണു താൻ എത്തിയതെന്നും ഹെൽമറ്റ് വയ്ക്കാതെ ബൈക്കിൽ സ്കൂൾ പരിസരത്ത് എത്തിയതു ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും സിഐ പറയുന്നു.
Discussion about this post