പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മൂന്ന് മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്താണ് ട്രെയിലര്‍.
മലയാള സിനിമയ്ക്ക് ദേശീയ തലത്തില്‍ ഒരു മാറ്റമുണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യം കൂടി ഈ ചിത്രത്തിനുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ബാഹുബലി എന്ന ചിത്രം തെലുങ്ക് സിനിമക്ക് ഉണ്ടാക്കിക്കൊടുത്ത ഒരു മാര്‍ക്കറ്റുണ്ട്. ബാഹുബലി ഭാവനാ സൃഷ്ടിയായിരുന്നു. എന്നാല്‍ മരക്കാറില്‍ റിയലിസം അധികം വിട്ടുപോകാതെ എടുക്കാനാണ് ശ്രമിച്ചത് എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.
അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്. മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ബോളിവുഡ് താരം സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍, അര്‍ജുന്‍ സര്‍ജ, സുഹാസിനി, ഹരീഷ് പേരടി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. മാര്‍ച്ച് 26 ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും.
Discussion about this post