ചാരുംമൂട്: തളരാതെ പരിശ്രമിച്ചാൽ കുറ്റപ്പെടുത്തലുകൾക്ക് ശരിയായ മറുപടി വാക്കിലൂടെയല്ല പ്രവർത്തിയിലൂടെ നൽകാം എന്ന് തെളിയിച്ചിരിക്കുകയാണ് പിഎസ് ജിതിൻ എന്ന പുതിയ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ. സ്വകാര്യ ബസ് ഡ്രൈവറുടെ കാക്കി യൂണിഫോം അഴിച്ചാണ് ജിതിൻ ഇൻസ്പെക്ടറുടെ കാക്കിയണിഞ്ഞത്. കഴിഞ്ഞ മൂന്നു വർഷമായി ഭരണിക്കാവ് ചെങ്ങന്നൂർ റൂട്ടിലെ സ്വകാര്യ ബസുകളിലൊന്ന് ഓടിച്ചിരുന്നത് ബിടെക് ബിരുദധാരിയായ ജിതിൻ (28) ആയിരുന്നു. വർഷങ്ങൾക്കു മുൻപ് എഴുതിയ പിഎസ്സി പരീക്ഷയിലെ റാങ്ക് ലിസ്റ്റിൽ സ്ഥാനം ലഭിച്ച ജിതിൻ ഒടുവിൽ ഫെബ്രുവരി 27 ന് അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായി ആലപ്പുഴ ആർടിഒ ഓഫീസിലെത്തി ചുമതല ഏറ്റെടുക്കുകയായിരുന്നു. റോഡിലൂടെ ഡ്രൈവറായി പാഞ്ഞ ജിതിൻ ഇനി റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്ന ഇൻസ്പെക്ടറായി വഴിയോരത്തുണ്ടാകും.
ചുനക്കര തെക്ക് ജ്യോതിസ്സിൽ പുരുഷൻ-ശോഭ ദമ്പതികളുടെ മകനായ ജിതിൻ ആറ്റിങ്ങൽ ഗവ. പോളി ടെക്നിക്കിൽ നിന്ന് ഓട്ടോമൊബൈൽ ഡിപ്ലോമ എടുത്ത ശേഷം പാറ്റൂർ ശ്രീബുദ്ധ എഞ്ചിനീയറിങ് കോളേജിൽ നിന്നാണ് ബിടെക് പൂർത്തിയാക്കിയത്. എഞ്ചിനീയറിങ് യോഗ്യതയുമായി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് അപേക്ഷിച്ചെങ്കിലും തുച്ഛമായ വേതനമാണ് പലയിടത്തും വാഗ്ദാനം ലഭിച്ചത്. അങ്ങനെയാണ് ബസ് ഡ്രൈവറായത്. ബിടെക് ബിരുദധാരി ഡ്രൈവറാകുന്നതിൽ വീട്ടുകാർക്കും നാട്ടുകാർക്കും എതിർപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ആരുടെയും വിമർശനം കാര്യമായെടുക്കാതെ ജിതിൻ തന്റെ പ്രയത്നം തുടർന്നു. മെച്ചപ്പെട്ട ദിവസ വരുമാനവും ആഴ്ചയിൽ 3 4 ദിവസം വരെ അവധിയുമുള്ള ജോലിക്കിടയിൽ പഠിക്കാൻ സമയം കിട്ടിയതുമാണ് ജിതിന് സഹായകരമായത്.
സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ ജനങ്ങൾ നിരന്തരം ഉന്നയിക്കുന്ന പരാതികളോട് ജിതിന് പറയാനുള്ളത്, ‘സമയം പാലിക്കാനാണ് പലപ്പോഴും സ്വകാര്യ ബസ് ഡ്രൈവർമാർ അമിതവേഗമെടുക്കുന്നത്. അശാസ്ത്രീയമായ സമയക്രമീകരണമാണ് പലപ്പോഴും അപകടമുണ്ടാക്കുന്നത്. റൂട്ടിലെ സമയം തെറ്റിയാൽ ബസുകാർ തമ്മിൽ വഴക്കുണ്ടാകും. തിരക്കുള്ള ദിവസങ്ങളിൽ കുരുക്കിൽപ്പെട്ടുപോകുന്ന ബസുകൾക്ക് കൃത്യസമയത്ത് റൂട്ടിൽ ഓടിയെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രശ്നമുണ്ടാകും. ബസ് ജീവനക്കാരിൽ വ്യക്തിപരമായി മോശം സ്വഭാവമുള്ളവർ ഉണ്ടെങ്കിലും എല്ലാവരും അങ്ങനെയല്ല. ദേഷ്യം നിയന്ത്രിക്കാനും യാത്രക്കാരോട് ഇടപെടാനും ചിലർക്കെങ്കിലും പരിശീലനം നൽകണം.’-എന്നാണ്. ജിതിന്റെ ഏക സഹോദരി ജ്യോതി പാറ്റൂർ എഞ്ചിനീയറിങ് കോളജിലെ തന്നെ വിദ്യാർത്ഥിനിയാണ്. പിതാവ് പുരുഷൻ സൈനികനാണ്.
Discussion about this post