തിരുവനന്തപുരം: കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് എത്തുന്നവര്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന് മന്ത്രി കെകെ ഷൈലജ. യാത്രാവിവരം മറച്ചുവെയ്ക്കുന്നത് കുറ്റകൃത്യമായി കാണുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അലംഭാവത്തോടെയും അശ്രദ്ധയോടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യരുത്, ചിലരുടെ നിരുത്തരവാദിത്തപരമായ സമീപനത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് മന്ത്രിയും കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയവര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചിരുന്നില്ല. ഇവരുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ദിവസങ്ങള്‍ക്കുള്ളില്‍ കൊറോണ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മന്ത്രിയുടെ വാക്കുകള്‍;
വിദേശത്ത് നിന്നും വരുന്നവര്‍ ആരോഗ്യവകുപ്പിനെ നിര്‍ബന്ധമായും വിവരമറിയിക്കണമെന്ന് നിര്‍ദേശം കൊടുത്തിരുന്നെങ്കിലും അവര്‍ അത് അനുസരിച്ചില്ല. ബന്ധുക്കള്‍ക്ക് രോഗലക്ഷണം വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദേശത്ത് നിന്നു തിരിച്ചെത്തിയവരിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരോട് ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് സമ്മതിച്ചില്ല. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പറഞ്ഞ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് നിസ്സാരവല്‍ക്കരിക്കുകയാണ് അവര്‍ ചെയ്തത്. വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘത്തോട് വിദേശത്ത് നിന്നും വരുന്ന കാര്യം അറിയിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും അവര്‍ അത് അനുസരിച്ചില്ല.
നിരുത്തരവാദിത്തപരമായ സമീപനമാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ചിരുന്നെങ്കില്‍ സങ്കീര്‍ണമായിത്തുടങ്ങുന്ന ഈ രോഗവ്യാപനത്തെ വളരെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നു. വൈറസ് സ്ഥിരീകരിച്ച രോഗികളുടെ ജീവന് രക്ഷിക്കുന്നതിലാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക ഉത്തരവാദിത്വം. രോഗമുക്തി നേടിക്കഴിഞ്ഞാല്‍ ഇവര്‍ ചെയ്ത തെറ്റ് പറഞ്ഞ് ബോധ്യപ്പെടുത്തുന്നടക്കമുളള നടപടികള്‍ സ്വീകരിക്കും.
Discussion about this post