തൃശ്ശൂർ: വടക്കു-കിഴക്കൻ ഡൽഹിയിലുണ്ടായ കലാപം റിപ്പോർട്ട് ചെയ്തതിന് ഏഷ്യാനെറ്റിനും മീഡിയാ വണ്ണിലും ലഭിച്ച വിലക്കിനെതിരെയും മറ്റ് മാധ്യമങ്ങൾ വിലക്കിനോട് കാണിച്ച് മൗനത്തിന് എതിരേയും ആഞ്ഞടിച്ച് എഴുത്തുകരാൻ എസ് ഹരീഷ് രംഗത്ത്. മാധ്യമ നിരോധന വാർത്ത അറിയാത്ത മട്ടിൽ ഒളിച്ചു കളിക്കുന്ന പത്രങ്ങൾക്കും ചാനലുകൾക്കുമിടയിൽ മീഡിയ വൺ ചാനലും ചീഫ് എഡിറ്റർ സിഎൽ തോമസും തലയുയർത്തി നിൽക്കുന്നെന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
നിരോധനം പിൻവലിച്ചതിന് ശേഷം മീഡിയ വൺ എഡിറ്റർ സിഎൽ തോമസ് നടത്തിയ വിശദീകരണത്തെ അഭിനന്ദിച്ചുകൊണ്ടാണ് എസ് ഹരീഷിന്റെ പ്രതികരണം.
എസ് ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
മലയാള പത്രപ്രവർത്തന ചരിത്രത്തിലെ ഏറ്റവും ശക്തമായ നിലപാടുകളിലൊന്നാണ് ഇന്ന് രാവിലെ മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സി എൽ തോമസിന്റെ വാക്കുകളിലൂടെ കേരളം കേട്ടത്. ചാനൽ നിരോധനത്തിനിടയാക്കിയ ബി ജെ പി സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നതിനൊപ്പം മാദ്ധ്യമ സ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ മാദ്ധ്യമ രംഗത്ത് സമാനതകളില്ലാത്ത പേരാണ് ഏറ്റവും മുതിർന്ന പത്രപ്രവർത്തകനായ സി എൽ തോമസിന്റേത്. കോട്ടയം കൈപ്പുഴ ചാമക്കാലാ വീട്ടിൽ കർഷക തൊഴിലാളികളായിരുന്ന ലൂക്കാ_ മറിയം ദമ്പതികളുടെ മകനാണ്. ദേശാഭിമാനിയിൽ പത്രപ്രവർത്തന ജീവിതം തുടങ്ങിയ സി എൽ ഏഷ്യാനെറ്റിന്റെ വളർച്ചയിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മിശ്രവിവാഹിതനാണ്. മതരഹിത ജീവിതം നയിക്കുന്നു.അദ്ദഹത്തിൻറെ നാട്ടുകാരനായതിലും സുഹൃത്തായതിലും അഭിമാനിക്കുന്നു. മാദ്ധ്യമ നിരോധന വാർത്ത അറിയാത്ത മട്ടിൽ ഒളിച്ചു കളിക്കുന്ന പത്രങ്ങൾക്കും ചാനലുകൾക്കുമിടയിൽ സി എൽ തോമസും മീഡിയ വണ്ണും തലയുയർത്തി നിൽക്കുന്നു.
Discussion about this post