തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ അഞ്ച് മണിക്കൂര്‍ നേരം ദുരിതത്തിലാക്കിയ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്ക് സംബന്ധിച്ച് ജില്ലാ കളക്ടര്‍ നാളെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കെഎസ്ആര്‍ടിസിയില്‍ എസ്മ (അവശ്യസേവനനിയമം) ബാധകമാക്കണമെന്നാണ്. കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്കിനെ പൂര്‍ണ്ണമായും തള്ളിപ്പറയുന്ന റിപ്പോര്‍ട്ടാണ് ജില്ലാകളക്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.
കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പൊതുഗതാഗതസംവിധാനം മുന്നറിയിപ്പ് ഇല്ലാതെ സമരം നടത്തി, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന പരാമര്‍ശങ്ങളുമുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി സംസ്ഥാനത്ത് ആവര്‍ത്തിക്കാരിക്കാന്‍ കെഎസ്ആര്‍ടിസിയില്‍ എസ്മ ബാധകമാക്കണമെന്നാണ് കളക്ടറുടെ പ്രാഥമികറിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.
മിന്നല്‍ പണിമുടക്കിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ജില്ലാകളക്ടറുടെ അന്തിമറിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമായിരിക്കും നടപടി. നിലവില്‍ ബസുകള്‍ കൂട്ടത്തോടെ റോഡില്‍ നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടെയും പട്ടിക ശേഖരിച്ച് വരികയാണ്.
അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാര്‍ പോലീസിനെ കൈയ്യേറ്റം ചെയ്തത് കൊണ്ടാണ് എടിഒയെയടക്കം കസ്റ്റഡിയിലെടുത്തത് എന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ പോലീസ് ഭീഷണിപ്പെടുത്തി കസ്റ്റഡിയില്‍ എടുത്തുവെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്‍കിയ മൊഴി. സംഭവത്തില്‍ പോലീസിനോട് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കളക്ടര്‍.
Discussion about this post