കൊല്ലം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. വരുംദിവസങ്ങളില്‍ ദേവനന്ദയുടെ അമ്മയില്‍ നിന്ന് കൂടുതല്‍ വിവരശേഖരണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പരിസരവാസിയായ ഒരാളെക്കുറിച്ച് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.
അവധിയിലായിരുന്ന ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ജോര്‍ജ് കോശി തിരികെയെത്തി ജോലിയില്‍ പ്രവേശിച്ചു. അദ്ദേഹം കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തുകയും സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദേവനന്ദയുടെ പള്ളിമണ്‍ ഇളവൂരുള്ള വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
സംശയത്തിന്റെ നിഴലിലുള്ളവരെയെല്ലാം ചേദ്യം ചെയ്ത പോലീസ് ചൊവ്വാഴ്ചയും ബന്ധുക്കളുടെ മൊഴിയെടുത്തു. അതേസമയം, ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തുന്നതിനായി ചൊവ്വാഴ്ച ഉച്ചയ്ക്ക് സംഭവസ്ഥലത്ത് എത്തുമെന്നറിയിച്ചിരുന്ന ഫൊറന്‍സിക് സംഘം എത്തിയില്ല. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പരിസരവാസിയായ ഒരാളെക്കുറിച്ച് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
അതിനാല്‍ പോലീസ് ആ വഴിക്കും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടി ഒറ്റയ്ക്ക് ആറ്റുതീരത്തേക്കു പോകില്ലെന്ന് ബന്ധുക്കള്‍ ഒന്നടങ്കം ആവര്‍ത്തിക്കുന്നു. തുണിയലക്കുകയായിരുന്ന അമ്മയുടെ അടുത്തുപോയി മടങ്ങിയ കുട്ടിയെ പതിനഞ്ചു മിനിറ്റിനുള്ളിലാണ് കാണാതായത്. ഇത്രയും സമയം കൊണ്ട് കുട്ടി ആറ്റുതീരത്ത് എത്തില്ലെന്നാണ് ഇവര്‍ പറയുന്നു. എന്നാല്‍ ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിനെ വലയ്ക്കുന്നു.
Discussion about this post