തൃശൂര്‍: സ്വഭാവദൂഷ്യമുണ്ടെന്ന് ക്ഷേത്രത്തിലെ കോമരം കല്‍പ്പിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ കമ്മീഷന് കേസെടുത്തു. വിഷയത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ നടപടി എടുക്കുകയായിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
തൃശ്ശൂര്‍ മണലൂര്‍ സ്വദേശി ശ്യാംഭവിയാണ് ബുധനാഴ്ച തൂങ്ങി മരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്യാംഭവി. സംഭവത്തില്‍ കോമരമായ പ്രദേശവാസി ശ്രീകാന്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തൃശൂര്‍ മണലൂരില്‍ ക്ഷേത്രത്തില്‍ കോമരം തുള്ളുന്നതിനിടെയാണ് യുവതിക്കെതിരെ ഇയാള്‍ ആരോപണം ഉന്നയിച്ചത്.
യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും സ്വഭാവ ദൂഷ്യത്തിന് കുടുംബ ക്ഷേത്രത്തില്‍ മാപ്പ് പറയണമെന്നും ആയിരുന്നു ഇയാള്‍ പറഞ്ഞത്. ഇരുനൂറോളം ആളുകള്‍ക്ക് മുന്നില്‍ വച്ചായിരുന്നു കോമരത്തിന്റെ കല്‍പ്പന. തുടര്‍ന്നുണ്ടായ അപമാന ഭാരത്തിലാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്.
Discussion about this post