തിരുവനന്തപുരം: ഈ അടുത്ത കാലങ്ങളിലായി റിലീസ് ചെയ്ത ചിത്രങ്ങളില്‍ ശാസ്ത്രീയ അടിത്തറയില്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ വിവിധ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തുകയും അത് മൂലം പലര്‍ക്കും ജീവഹാനിയും ചികിത്സ ബുദ്ധിമുട്ടുകളും ഉണ്ടായ സാഹചര്യത്തില്‍ സിനിമകള്‍ സര്‍ട്ടിഫൈ ചെയ്യുന്നതിന് മുമ്പ് സെന്‍സര്‍ ബോര്‍ഡ് ചികില്‍സ സംബന്ധിച്ചുള്ള രംഗങ്ങളെ കുറിച്ച് മെഡിക്കല്‍ ഉപദേശക സമിതിയുടെ അഭിപ്രായം തേടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആവശ്യപ്പെട്ടു.
ഇതിനായി മെഡിക്കല്‍ ഉപദേശക സമിതി രൂപീകരിക്കണമെന്ന് കാണിച്ച് ഐഎംഎ
സെന്‍സര്‍ ബോര്‍ഡിനും ചലച്ചിത്ര വകുപ്പ് മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. ട്രാന്‍സിലെയും ജോസഫിലെയും അശാസ്ത്രീയതയാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. റിലീസ് ചെയ്ത ‘ജോസഫ്’ എന്ന ചിത്രത്തിലെ തെറ്റിദ്ധാരണാജനകമായ രംഗം കാരണം നിരവധി പേര് അവയവദാനത്തില്‍ നിന്നും പിന്നോക്കം പോവുകയുണ്ടായി. അത് കാരണം നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ഇപ്പോള്‍ റിലീസ് ചെയ്ത ‘ട്രാന്‍സ്’ എന്ന ചിത്രത്തിലും മാനസികരോഗ ചികിത്സയില്‍ ലോക വ്യാപകമായി ഉപയോഗിക്കുന്ന ചില മരുന്നുകളെക്കുറിച്ച് വളരെ വിചിത്രവും തെറ്റിദ്ധാരണാജനകവുമായ സന്ദേശങ്ങള്‍ നല്‍കുന്നതായി കാണപ്പെട്ടു. അത് കാരണം പല മാനസിക രോഗികളും ചികിത്സ നിര്‍ത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കാന്‍ നടപടി എടുക്കണമെന്ന് സെന്‍സര്‍ബോര്‍ഡിനോട് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ. ഗോപി കുമാറും ആവശ്യപ്പെട്ടു.
Discussion about this post