ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ഐഎയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ഷെഫിന് ജഹാന് പിന്‍വലിച്ചു. എന്‍ഐഎ ഉദ്യോഗസ്ഥന് വിക്രമന് എതിരെ ആയിരുന്നു കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നത്.
ഹാദിയ കേസില്‍ എന്‍ഐഎ മുദ്ര വച്ച കവറില്‍ കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ട് എന്‍ഐഎക്ക് മടക്കി നല്കാന് കോടതി നിര്‍ദേശിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഹാദിയ കേസ് അടുത്തിടെ എന്‍ഐഎ അവസാനിപ്പിച്ചിരുന്നു.
ഷെഫിന്- ഹാദിയ വിവാഹത്തില്‍ ലൗജിഹാദ് ഇല്ലെന്നും ഇതു സംബന്ധിച്ച് ഇനി കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. ഹാദിയയുടെയും ഷെഫിന്റെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചതും കണക്കിലെടുത്താണ് എന്‍ഐഎ കേസ് അവസാനിപ്പിച്ചത്.
ഷെഫിന്റെയും ഹാദിയയുടെയും വിവാഹം ഹൈക്കോടതി റദ്ദ് ചെയ്തത് വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഹാദിയയുടെ പിതാവ് അശോകന് കേരള ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഹാദിയ – ഷെഫിന് വിവാഹം റദ്ദാക്കുകയായിരുന്നു. തുടര്‍ന്നാണ് എന്‍ഐഎ കേസ് അന്വേഷിച്ചത്.
Discussion about this post