കൊല്‍ക്കത്ത: ഡല്‍ഹി കലാപത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡല്‍ഹി കലാപം സര്‍ക്കാര്‍ ഒത്താശയോടെ നടന്ന വംശഹത്യയാണെന്നും ഗുജറാത്ത് മോഡല്‍ കലാപം രാജ്യത്ത് മുഴുവന്‍ ആവര്‍ത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മമതാ ബാനര്‍ജി വിമര്‍ശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു മമതയുടെ വിമര്‍ശനം.
‘ ഡല്‍ഹിയില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടതില്‍ എനിക്ക് അതിയായ വേദനയുണ്ട്. ഇത് വംശഹത്യയാണെന്നാണ് ഞാന്‍ കരുതുന്നത്. ഡല്‍ഹി പോലീസ് കേന്ദ്രത്തിന്റെ കീഴിലാണ്. ഡല്‍ഹിയില്‍ പോലീസും സിആര്‍പിഎഫും സിഐഎസ്എഫുമുണ്ട്. പക്ഷേ ഒന്നും ചെയ്തില്ല. ഡല്‍ഹിയിലെ കലാപം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡാണ്.’ – മമത പറഞ്ഞു.
ഡല്‍ഹി കലാപം ഗുജറാത്ത് വംശഹത്യക്ക് സമാനമാണെന്ന് നേരത്തെ സിപിഎമ്മും വിമര്‍ശിച്ചിരുന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട 885 പേര് അറസ്റ്റിലായിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 167 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
Discussion about this post