മനാമ: വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് ഒപ്പം ജിസിസി അംഗ രാജ്യങ്ങളിലെ പൗരൻമാർക്കും സൗദി അറേബ്യ മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. കൊറോണ വൈറസ് (കോവിഡ് 19) വ്യാപനം തടയാനുള്ള മൻകരുതലുകടെ ഭാഗമായാണ് നടപടിയെന്ന് സൗദി വാർത്താ ഏജൻസിയായ എസ് പിഎ റിപ്പോർട്ട് ചെയ്തു.
ഉംറ വിസയിൽ വിദേശികളുടെ പ്രവേശനം കഴിഞ്ഞ ദിവസം വിലക്കിയതിനു പിന്നാലെയാണ് പുതിയ നടപടി. ഇറാനിൽ സ്ഥിതികൾ ഗുരുതരമായതിന് പിന്നാലെ ജിസിസി രാജ്യങ്ങളായ കുവൈറ്റിലും ബഹ്‌റൈനിലും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത പാശ്ചാത്തലത്തിലാണ് പുതിയ നീക്കം.
അതേസമയം, ഇറാനിൽ കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 43 ആയി. 593 പേർക്ക് രോഗം ബാധിച്ചു. 210 പേർ മരിച്ചെന്ന ബിബിസി വാർത്ത കളവാണെന്നു ആരോഗ്യ മന്ത്രാലയ വക്താവ് വിശദീകരിച്ചു. ബഹ്‌റൈനിൽ 38 പേർക്കും കുവൈറ്റിൽ 45 പേർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബഹ്‌റൈനിൽ അടുത്ത രണ്ടാഴ്ച പൊതുപരിപാടികൾ സംഘടിപ്പിക്കുന്നത് ആഭ്യന്തര മന്ത്രാലയം വിലക്കി. ഫെബ്രുവരിയിൽ ഇറാനിൽ നിന്നും 2292 പേർ തിരിച്ചെത്തിയിട്ടുണ്ട്. ഇവരിൽ 310 പേർ മാത്രമാണ് ഇതുവരെ വൈദ്യ പരിശോധനയ്ക്ക് വിധേരായത്. വൈദ്യ പരിശോധനയ്ക്ക് അപ്പോയ്‌മെന്റ് എടുക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കൊറോണ വൈറസ് പരിശോധനയിൽ പ്രവാസികൾക്ക് ഫീസൊന്നുമില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post