പാലക്കാട്: ഇന്ന് കേന്ദ്രം ഭരിക്കുന്നത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാരാണെന്ന് കേന്ദ്ര വിദേശ -പാര്‍ലമെന്ററി കാര്യ സഹ മന്ത്രി വി മുരളീധരന്. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ പട്ടാമ്പി നഗരസഭാ 15-ാം ഡിവിഷനില്‍ പൂര്‍ത്തിയാക്കിയ ഇരുപതു വീടുകളുടെ ഗൃഹപ്രവേശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി മുരളീധരന്.
ചടങ്ങില്‍ ഇരുപതു വീടുകളുടെ താക്കോല്‍ ദാനവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം മറ്റ് ഗവണ്മെന്റും ഇന്ത്യ ഭരിച്ചിട്ടുണ്ട്. അവര്‍ ജനങ്ങള്‍ക്കുവേണ്ടിയെന്ന് പറഞ്ഞ് നിരവധി പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ അവ എല്ലാം കടലാസ്സില്‍ മാത്രം ഒതുങ്ങിയെന്നും എന്നാല്‍ ഇപ്പോള്‍ പദ്ധതികള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തരത്തില്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് ഭരിക്കുന്നതെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ പദ്ധതിയെ എങ്ങനെ തന്റെ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നടപ്പിലാക്കാന്‍ കഴിയും എന്നതിന്റെ ഏറ്റവും മഹത്തായ ഉദാഹരണമാണ് ഇന്ന് ഗൃഹപ്രവേശം നടക്കുന്ന ഇരുപതു വീടുകളുടെ നിര്‍മ്മാണം. സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി മുന്‍കൈയെടുത്ത പട്ടാമ്പി നഗരസഭാ കൗണ്‍സിലറെ അഭിനന്ദിക്കുന്നുവെന്നും മുരളീധരന് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോഡി 2015 ല്‍ മുന്നോട്ടുവെച്ച ഒരു പുതിയ ഇന്ത്യ എന്ന ആശയത്തിന്റെ ഭാഗമായി 2022 ഓടെ പിഎംഎവൈ പദ്ധതിയിലൂടെ രണ്ടു കോടി വീടുകള്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി പണി തീര്‍ക്കുക എന്നതാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും ഈപദ്ധതി പ്രകാരം ഈ രാജ്യത്തു ഇതുവരെ നല്കിയ വീടുകളില്‍ 31 ശതമാനവും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post