കണ്ണൂര്‍: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
എന്നാല്‍ ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് ജയില്‍മോചിതനാകാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. നേരത്തെ 52കാരിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രന് ജയില്‍മോചിതനാകാന്‍ സാധിക്കൂ. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചാല്‍ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിക്കാനാണ് പോലീസ് നീക്കം.
ചിത്തിര ആട്ട വിശേഷ സമയത്ത് മകന്റെ കുഞ്ഞിന്റെ ചോറൂണിനെത്തിയ തൃശ്ശൂര്‍ സ്വദേശിനി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്. ഇതില്‍ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രന്‍. നേരത്തെ നിരോധനാജ്ഞ ലംഘിച്ച കേസില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഐപിഎസുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലാകുന്നത്.
Discussion about this post