കൊച്ചി: മലേഷ്യയിൽ നിന്നെത്തി കൊറോണ രോഗ ലക്ഷണങ്ങളോടെ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പയ്യന്നൂർ സ്വദേശി ജെയ്നേഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇദ്ദേഹത്തിന്റെ ആദ്യ സാംപിളിൽ നടത്തിയ പരിശോധനയിൽ കോവിഡ്-19(കൊറോണ വൈറസ്) ബാധയില്ലെന്നാണ് സ്ഥിരീകരിച്ചത്. രണ്ടാമത് അയച്ച സാംപിളിന്റെ ഫലം പുറത്തുവന്നിട്ടില്ല.
മലേഷ്യയിൽ നിന്നും നാട്ടിലെത്തിയ ജെയ്നേഷിന് ശ്വാസകോശത്തിന് ഗുരുതരമായ വൈറൽ ന്യുമോണിയ ബാധിച്ചിരുന്നെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് കൊറോണ ബാധയുമായി സാമ്യമുള്ളതാണ്. രോഗം കടുത്തതിനെത്തുടർന്നാണ് വെന്റിലേറ്ററിലാക്കിയത്. അഞ്ചു ദിവസമായി പനിയും ശ്വാസ തടസവും കൂടുതലായിരുന്നു.
വ്യാഴാഴ്ച രാത്രി ഒരു മണിക്ക് കൊച്ചിയിൽ വിമാനമിറങ്ങിയശേഷം പരിശോധനയ്ക്കു വിധേയനാകുകയായിരുന്നു. തുടർന്നാണ് അവിടെനിന്നു മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ജെയ്നേഷ് രണ്ടര വർഷമായി മലേഷ്യയിൽ ജോലി ചെയ്ത് വരികയായിരുന്നു.
Discussion about this post