തിരുവനന്തപുരം: നിലമ്പൂരിൽ നിന്നും ഇന്നലെ കാണാതായ രണ്ട് കുട്ടികളേയും തിരുവനന്തപുരം തമ്പാനൂരിൽ കണ്ടെത്തി. നിലമ്പൂർ അകമ്പാടം നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകൻ ഷഹീൻ എന്ന കുട്ടിയെയും സഹപാഠി അജിൻഷാദിനേയുമാണ് കണ്ടെത്തിയത്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഷഹീനിനെ ഇന്നലെ വൈകിട്ട് മുതൽ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. രാവിലെ സ്കൂളിലേക്ക് പോയ ഷഹീൻ പിന്നീട് തിരിച്ചു വന്നില്ലെന്നായിരുന്നു പരാതി. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ ഷഹീനൊപ്പം സഹപാഠിയായ അജിൻഷാദിനേയും കാണാനില്ലെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ഇരുവരും ഒരുമിച്ച് നാട് വിട്ടിരിക്കാം എന്ന നിഗമനത്തിൽ എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും പോലീസ് വിവരം നൽകുകയായിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് പേരെയും റെയിൽവേ പോലീസ് കണ്ടെത്തിയത്. ഇരുവരേയും ചൈൽഡ് ലൈനിന് കൈമാറി. ഇവരെ തിരിച്ചു നാട്ടിലേക്ക് കൊണ്ടു വരാനായി ബന്ധുക്കൾ നിലമ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
Discussion about this post