ന്യൂഡല്‍ഹി: ഗോമൂത്രം, ചാണകം എന്നിവയ്ക്ക് ഔഷധ ഗുണമില്ലെന്ന് ശാസ്ത്രജ്ഞര്‍. ഇവയുടെ ഔഷധ ഗുണം കണ്ടെത്തുന്നതിന് നടത്തുന്ന ഗവേഷണങ്ങള്‍ അനാവശ്യ ധൂര്‍ത്താണെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി ശാസ്ത്രജ്ഞര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. 500ല്‍ അധികം ശാസ്ത്രജ്ഞര്‍ കൂടിയാണ് കത്ത് നല്‍കിയത്. ഗോമൂത്രം, ചാണകം എന്നിവയുടെ ഔഷധഗുണത്തേപ്പറ്റിയും ക്യാന്‍സര്‍ അടക്കമുള്ള മാറാ രോഗങ്ങളെ ഭേദമാക്കുന്നതില്‍ അതിനുള്ള ഫല സിദ്ധിയെപ്പറ്റിയും പഠനങ്ങള്‍ നടത്താന്‍ ഗവേഷകര്‍ക്ക് മേല്‍ സമ്മര്‍ദം മുറുകിയ സാഹചര്യത്തിലാണ് മറുപടി.
വിശ്വാസത്തില്‍ അധിഷ്ഠിതമായ കപടശാസ്ത്രമാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ഇതിനായി വന്‍തോതില്‍ പണം ചെലവിടുന്നത് നിലവിലെ രാജ്യത്തെ സാമ്പത്തിക അവസ്ഥയില്‍ ഉചിതമല്ലെന്നും ശാസ്ത്രജ്ഞര്‍ ഓണ്‍ലൈന്‍ ഹര്‍ജിയില്‍ വിശദമാക്കുന്നു. മതഗ്രന്ഥങ്ങളില്‍ നിന്ന് കണ്ടുപിടിക്കുന്ന സാങ്കല്‍പികമായ ഗുണങ്ങളെപ്പറ്റി അന്വേഷിച്ച് പാഴാക്കാനുള്ളതല്ല സര്‍ക്കാറിന്റെ പണമെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
വിശ്വാസപരമായി പ്രചരിക്കുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാനുണ്ടെന്ന് കാണിക്കുന്നതിനാണ് ഇത്തരമൊരു ഗവേഷണം കൊണ്ട് ലക്ഷ്യമിടുന്നത്. അല്ലാതെ ശാസ്ത്രീയ നേട്ടമല്ലെന്നും ഹര്‍ജി തയ്യാറാക്കിയ ഗവേഷകന്‍ അനികേത് സൂലെ വ്യക്തമാക്കി. ഇത്തരം ഗവേഷണങ്ങളിലേക്ക് പണം എറിയുന്നതിന് മുന്‍പ് അവകാശ വാദങ്ങളില്‍ അടിസ്ഥാനമുണ്ടോയെന്ന് പ്രാഥമിക പരിശോധനയെങ്കിലും നടത്തേണ്ടതാണെന്നും അനികേത് വ്യക്തമാക്കി. ഹോമി ബാബാ സെന്റര്‍ ഫോര്‍ സയന്‍സ് എഡ്യൂക്കേഷനിലെ റീഡര്‍ പദവി വഹിക്കുന്ന വ്യക്തിയാണ് അനികേത് സൂലെ.
ഗോമൂത്രം, ചാണകം എന്നിവയുടെ ഉപയോഗം കൊണ്ട് ക്യാന്‍സര്‍, പ്രമേഹം എന്നിവയ്ക്ക് പുറമേ കാര്‍ഷിക മേഖലയിലെ സാധ്യതകളും തേടിയായിരുന്നു ഗവേഷണം. ഗവേഷണത്തിലൂടെ സ്വദേശി പശുക്കളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശാസ്ത്രീയ നീക്കം എന്ന് പേരിട്ടിരുന്ന ഈ പഠനം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി ചില ശാസ്ത്രകാരന്മാരെയും തിരഞ്ഞെടുത്തിരുന്നു.
Discussion about this post