കൊച്ചി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട നിലപാടിനെ സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കെമാൽ പാഷ. ഒരു മുസ്ലീം സംഘടനകളുമായി തനിക്ക് ബന്ധമില്ലെന്ന് കെമാൽ പാഷ പറഞ്ഞു. ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തതെന്നും കെമാൽ പാഷ കൂട്ടിച്ചേർത്തു. മുൻ ന്യായാധിപൻ ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചർച്ചയായതോടെയാണ് മറുപടിയുമായി കെമാൽ പാഷ രംഗത്തെത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് ഒപ്പമാണെന്ന് പറയുകയും നിയമത്തെ അനുകൂലിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ആഭ്യന്തര വകുപ്പിനെ വിമർശിക്കുന്നതാകാം മുഖ്യമന്ത്രിയുടെ പരാമർശത്തിന് കാരണം എന്നും ജസ്റ്റിസ് കെമാൽ പാഷ ആരോപിച്ചു.
പേരെടുത്ത് പറയാതെ ആയിരുന്നു മുഖമന്ത്രിയുടെ വിമർശനം. ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപൻ മാറിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചത്. ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്റെ പെരുമാറ്റമെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സർക്കാർ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താൻ പറയാത്ത വാക്കുകൾ തന്റെ നാവിൽ വയ്ക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
Discussion about this post