ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിന്റെ ഒന്നാം ദിനം പ്രൗഢഗംഭീരമായി പൂർത്തിയായി. ഇന്ത്യ-അമേരിക്ക ആഗോള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിൽ രണ്ടാംദിനമായ ചൊവ്വാഴ്ച നിർണായകമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന. ഡൽഹിയിലെത്തിയ ട്രംപിനും കുടുംബത്തിനും രാഷ്ട്രപതി ഭവനിലെ സ്വീകരണം നൽകുന്നതോടെയാണ് രണ്ടാം ദിനത്തിലെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമാവുക.
അതേസമയം, നയതന്ത്ര ലോകം ഉറ്റുനോക്കുന്നത് യുഎസ്-ഇന്ത്യ തകരാറുകളിലേക്കാണ്. 300 കോടി ഡോളറിന്റെ (22,000 കോടി രൂപയോളം) കരാറിൽ ഇന്ത്യയും അമേരിക്കയും ചൊവ്വാഴ്ച ഒപ്പുവെക്കുമെന്നാണ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ‘നമസ്തേ ട്രംപ്’ പരിപാടിയിൽ പറഞ്ഞത്.
24 സീ ഹോക്ക് ഹെലികോപ്റ്ററുകളും ആധുനിക പ്രതിരോധ സാമഗ്രികളും യുഎസ് കമ്പനികളിൽനിന്ന് വാങ്ങാനുള്ള കരാറാണിത്. ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ടാകുന്ന വമ്പൻ വ്യാപാര ഇടപാടിനായി ഭാവിയിൽ ധാരണയുണ്ടാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം ട്രംപിന്റെ സന്ദർശനത്തിനു മുന്നോടിയായി വ്യാപാരക്കരാറുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ചില നിർണായക വിഷയങ്ങളിൽ ധാരണയിലെത്താൻ കഴിയാതിരുന്നതിനാൽ ഇതു സാധ്യമായില്ല.
അതേസമയം, രാവിലെ പത്ത് മണിയോടെ രാഷ്ടപതി ഭവനിലെത്തുന്ന ട്രംപിനും ഭാര്യ മെലേനിയ ട്രംപിനും ആചാരപരമായ സ്വീകരണം നൽകാനാണ് പദ്ധതി. തുടർന്ന് രാജ്ഘട്ടിലെ മഹാത്മ ഗാന്ധി സമാധിയിലെത്തി രാഷ്ട്രപിതാവിന് പുഷ്പാർച്ചന നടത്തും.
പതിനൊന്ന് മണിയോടെ ഹൈദരാബാദ് ഹൗസിലേക്കെത്തും. നിർണായകമായ ട്രംപ്-മോഡി കൂടിക്കാഴ്ച ഇവിടെ വെച്ചാണ് നടക്കുക. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുക്കും. ചർച്ചയ്ക്കൊടുവിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വിവിധ കരാറുകളിലും ധാരണാ പത്രങ്ങളിലും ഇരു രാഷ്ട്രനേതാക്കളും ഒപ്പുവെക്കും. തുടർന്ന് മോഡിക്കൊപ്പം ഉച്ചഭക്ഷണം. ഉച്ചയ്ക്ക് ശേഷം യുഎസ് എംബസിയിൽ സ്വകാര്യ ചടങ്ങിലും ട്രംപ് പങ്കെടുക്കും. രാജ്യത്തെ വ്യവസായ പ്രമുഖരുമായും ട്രംപ് കൂടിക്കാഴ്ച നടത്തും.
അമേരിക്കൻ പ്രഥമ വനിത മെലേനിയ ട്രംപ് സൗത്ത് ഡൽഹിയിലെ സർക്കാർ സ്കൂൾ സന്ദർശിക്കും. ഒരു മണിക്കൂർ നേരം വിവിധ പരിപാടികളിൽ മെലേനിയ കൂട്ടികളുമായി ചിലവഴിക്കുമെന്നാണ് സൂചന.
Discussion about this post