മധ്യപ്രദേശ്: ഓണ്‍ലൈനില്‍ മദ്യം വില്‍ക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കെതിരെ ബിജെപി എംഎല്‍എയായ രമേഷ് മെണ്ടോലയാണ് രംഗത്ത് വന്നത്. മധ്യപ്രദേശിനെ ഇറ്റലിയാക്കി മാറ്റാനുള്ള ശ്രമമാണ് കോണ്‍ഗ്രസ്
നടത്തുന്നതെന്ന് രമേഷ് മെണ്ടോല വിമര്‍ശിച്ചു.
”കോണ്‍ഗ്രസ് സര്‍ക്കാര്‍ ഓണ്‍ലൈനായി മദ്യം വില്ക്കാന് ആരംഭിച്ചിരിക്കുകയാണ്. ചില ഇറ്റാലിയന്‍ വ്യക്തികളുടെ നിര്‍ദേശപ്രകാരം മധ്യപ്രദേശിനെ ഇറ്റലിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്ന് വൈന്‍ ഉത്പാദകരില്‍ ഒന്നാണ് ഇറ്റലി. കമല്‍നാഥ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര. മധ്യപ്രദേശില്‍ ഈ മാറ്റം വരുത്തേണ്ട ആവശ്യം നിങ്ങള്‍ക്കുണ്ടോ?” രമേഷ് മെണ്ടോല പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രമേഷ് മെണ്ടോലയുടെ വിമര്‍ശനം.
2020-21 ലെ മധ്യപ്രദേശ് സര്‍ക്കാരിന്റെ പുതിയ എക്സൈസ് നയപ്രകാരമാണ് ഓണ്‍ലൈനില്‍ മദ്യ വിതരണം നടത്താനുള്ള തീരുമാനം. റവന്യൂ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2, 544 മദ്യ ഷോപ്പുകളും 1,061 വിദേശ മദ്യഷോപ്പുകളും ഓണ്‍ലൈനില്‍ വില്പന നടത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. നിലവില്‍ സംസ്ഥാനത്തെ 52 ജില്ലകളിലായി 2544 ഇന്ത്യന്‍ മദ്യം ലഭിക്കുന്ന കടകളും 1061 ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ലഭിക്കുന്ന കടകളും ഉണ്ട്.
Discussion about this post