തൃശ്ശൂര്‍: അമേരിക്കന്‍ പ്രസിണ്ടന്റ് ഡൊണാല്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ഫെബ്രുവരി 24 ന് ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കും. ‘സാമ്രാജ്യത്വ മതിലുകള്‍ തകര്‍ത്തെറിയുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കുന്നത്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ത്യന്‍ ജനതക്ക് ‘മരണ വാറണ്ടു’മായുള്ള ട്രംപിന്റെ സന്ദര്‍ശനം…
അമേരിക്കന്‍ പ്രസിണ്ടന്റെ ഡൊണാല്‍ഡ് ട്രംപ്, ഫെബ്രവരി 24, 25 തീയ്യതികളില്‍ ഇന്ത്യ സന്ദര്‍ശിക്കുകയാണ്. 24 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ എത്തുന്ന ട്രംപ്, 25 ന് ഡല്‍ഹിയില്‍ വച്ച് ചില നിര്‍ണായക കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള അറിയിപ്പുകള് സൂചിപ്പിക്കുന്നത്. അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുവാനും, തെക്കന്‍ ചൈന സമുദ്രത്തില്‍ ചൈനക്കെതിരായ തങ്ങളുടെ പടയൊരുക്കത്തില്‍ ഭാഗഭാക്കാവാനും, ഏറെനാളായി അമേരിക്കന്‍ ഭരണകൂടം ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഒന്നാം യു.പി.എ ഗവര്‍മെന്റ് ഒപ്പു വച്ച ആണവ കരാറോട് കൂടി ഇന്ത്യന്‍ വിദേശനയത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വ വിധേയത്വം പ്രകടമാണ്. മോദി ഭരണകാലത്ത് ഈ ദാസ്യ മനോഭാവം കൂടുതല്‍ ശക്തമായി. ഇന്ത്യന്‍ വിദേശനയത്തിന്റെ അടിസ്ഥാന ശിലയായിരുന്ന ചേരി- ചേരാ നയം പരിപൂര്‍ണ്ണമായി തകര്‍ന്ന സാഹചര്യമാണ് നിലവിലുള്ളത്.
അതേ സമയം തന്നെ ലോക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി അമേരിക്കന്‍ സാമ്രാജ്യത്വം തുടരുന്നു. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും ഏകപക്ഷീയമായി പിന് വാങ്ങിയും, ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പ്രകോപനമില്ലാതെ ഡ്രോണ്‍ അക്രമണത്തിലൂടെ കൊലപ്പെടുത്തിയും പശ്ചിമേഷ്യയില്‍ അമേരിക്ക യുദ്ധഭീതി വിതയ്ക്കുകയാണ്. റഷ്യയെയും ചൈനയേയും ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ട് വ്യാപാര യുദ്ധങ്ങള്‍ നടത്തുന്നതും, കിഴക്കന്‍ യൂറോപിനേയും, തെക്കന്‍ ചൈന സമുദ്രത്തെയും സംഘര്‍ഷ മേഖലയാക്കുന്നതും അമേരിക്ക തന്നെയാണ്. വടക്കന്‍ കൊറിയയെ ഭീഷണിപ്പെടുത്താന്‍, പസഫിക്ക് സമുദ്രത്തില്‍ അമേരിക്കന്‍ നാവിക സേന നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നു.
ഈയവസരത്തിലാണ്, കടുത്ത വംശീയവാദി കൂടിയായ ട്രoപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു വരുത്തിക്കൊണ്ട് തങ്ങളുടെ വിധേയത്വം പ്രകടിപ്പിക്കുന്നത്. പ്രതിസന്ധി നേരിടുന്ന അമേരിക്കന്‍ ആയുധ വ്യവസായ മേഖലയെ രക്ഷിക്കാന്‍, ഇന്ത്യന്‍ ഖജനാവിലെ പണം ചിലവഴിക്കാനുള്ള കരാറുകള്‍ തയ്യാറായി കഴിഞ്ഞു. പാല് ഉത്പന്നങ്ങളുടെയും, മാംസ ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ നീക്കം ചെയ്യുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
തൊഴിലില്ലായ്മ രൂക്ഷം ആകുവാന്‍ കാരണങ്ങളില്‍ ഒന്നായ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ മരണവാറണ്ട് ആയി ട്രംപ് സന്ദര്‍ശനം മാറാന്‍ ഇടയുണ്ട് അമേരിക്കന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്ക് പരിഹാരം കാണുവാന്‍ എന്തെങ്കിലും ചെയ്തെന്ന് സ്ഥാപിക്കുന്നതിനും ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ കടന്നുകയറാനും ആണ് ട്രംപ് ശ്രമിക്കുന്നത്.
പ്രതിവര്‍ഷം 42,000 കോടി വരുമാനം നല്കുന്ന കോഴിക്കാല് ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇനി അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യാനുള്ള അനുമതി കേന്ദ്ര ഗവണ്മെന്റ് ഈ സന്ദര്‍ശന വേളയില്‍ നല്‍കുമെന്ന് ഭയത്തിലാണ് പത്തുകോടി വരുന്ന ഇന്ത്യയിലെ ക്ഷീരകര്‍ഷകര്‍.
100% നിന്നും 10 % ആയി ചില അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറക്കുവാനുള്ള നീക്കവും സന്ദര്‍ശനവേളയില്‍ നടക്കുന്നുണ്ട്.
പഴവര്‍ഗങ്ങള്‍ ആയ ആപ്പിള്‍,ബ്ലൂബെറി,ചെറി,എന്നിവയും
കായ വര്‍ഗ്ഗങ്ങള്‍ ആയ വോള്നട്ട്,ആല്‍മണ്ട് എന്നിവയും ധാന്യവിളകള്‍ ആയ അരി,ഗോതമ്പ് സോയാബീന്‍,മൈസ് തുടങ്ങിയവയുമായ അമേരിക്കന്‍ ഉത്പന്നങ്ങളാണ് 100% നിന്ന് 10% ത്തിലേക്ക്കുറക്കുവാനുള്ള പട്ടികയിലുള്ളത്.
.
12 വര്‍ഷക്കാലം താന്‍ ഭരിച്ച ഗുജറാത്തിലെ വൃത്തിഹീനമായ ചേരികള്‍ അമേരിക്കന്‍ പ്രസിഡന്റ് കാണാതിരിക്കാന്‍ മതിലുകള്‍ കെട്ടി മറയ്ക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി.’സാമ്രാജ്യത്വ മതിലുകള്‍ തകര്‍ത്തെറിയുക’എന്ന മുദ്രാവാക്യം ഉയര്‍ത്തി അമേരിക്കന്‍ പ്രസിണ്ടന്റിന്റ സന്ദര്‍ശനത്തിനെതിരെ ഫെബ്രവരി 24 ന് DYFI രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കും.
-പി.എ മുഹമ്മദ് റിയാസ്-
Discussion about this post