ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്ക് പറന്നെത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ നിന്ന് യുഎസ് പിൻമാറിയെന്ന് റിപ്പോർട്ട്. ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച തുടങ്ങുന്ന ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദർശനവേളയിൽ വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ വ്യാപകമായി അവകാശപ്പെട്ടിരുന്നത്. എന്നാൽ യുഎസ് അവസാന നിമിഷം കരാറിൽ നിന്ന് പിന്നോട്ട് പോയെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. കരാറുമായി ബന്ധപ്പെട്ടുള്ള പോരായ്മകൾ പരിഹരിക്കാൻ ഇരുപക്ഷവും ശ്രമിച്ച് വരുന്നതിനിടെയാണ് യുഎസിന്റെ പിന്മാറ്റം.
കൂടുതൽ സമഗ്രമായ കരാറിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അമേരിക്കൻ ഭാഗത്ത് നിന്ന് ചർച്ചകൾ നിർത്തിവെച്ചുവെന്നാണ് റിപ്പോർട്ട്. സമഗ്ര കരാർ നടപ്പിലാക്കാനായില്ലെങ്കിലും ട്രംപിന്റെ സന്ദർശനത്തിൽ ഒരു മിനി കരാറിനായുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഇതാണിപ്പോൾ വേണ്ടെന്ന് വെച്ചിരിക്കുന്നത്. താരിഫ് കുറയ്ക്കുന്നതുമായും മാർക്കറ്റ് തുറന്ന് നൽകുന്നതുമായും ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിൽക്കുന്നത്. ഇന്ത്യയിലെ ഉയർന്ന താരിഫിലുള്ള അതൃപ്തി കഴിഞ്ഞ ദിവസവും ട്രംപ് തുറന്ന് പറഞ്ഞിരുന്നു.
Discussion about this post