തൃശ്ശൂര്‍: “ചേച്ചി വീട്ടിലേയ്ക്കല്ലേ? ഞങ്ങള്‍ ആ വഴിയ്ക്കാണ്. വീട്ടില്‍ വിടാം. ബസ് കാശു തന്നാല്‍ മതി” ഓട്ടോയില്‍ ഇരുന്ന് ഒരു സ്ത്രീ ഇങ്ങനെ ചോദിക്കുമ്പോള്‍ മുന്‍പരിചയം പോലെ ആരും കയറും. എന്നാല്‍ അതില്‍ പതിഞ്ഞിരിക്കുന്ന അപകടം പിന്നീടാണ് മനസിലാവുക. കഴിഞ്ഞ കുറച്ച് ദിവസമായി സംസ്ഥാനത്ത് ഭീതി പരത്തിയത് ഈ സ്ത്രീ തന്നെയായിരുന്നു. തൃശ്ശൂരിലെ തിരൂരില്‍ ബസ് കാത്ത് നിന്ന് വയോധികയെ തലയ്ക്കടിച്ച് സ്വര്‍ണ്ണം കവര്‍ന്ന വാര്‍ത്ത ഞെട്ടല്‍ ഉളവാക്കുന്നതായിരുന്നു. സംസ്ഥാനത്ത് കറങ്ങി നടന്ന് ഭീതി പരത്തിയ ദമ്പതികള്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുകയാണ്. ഇടുക്കി സ്വദേശികളായ ജാഫറും സിന്ധുവുമാണ് വയോധികയെ ആക്രമിച്ച കേസില്‍ പിടിയിലായത്. ഇവരെ പിടികൂടിയത് ചാലക്കുടിയില്‍ നിന്നാണ്.
വീട്ടിലേയ്ക്കുള്ള ബസ് കാത്തുനില്ക്കുകയായിരുന്നു എഴുപതുകാരിയായ സുശീല. നട്ടുച്ഛയ്ക്ക് പൊരിവെയിലില്‍ നില്‍ക്കുമ്പോഴായിരുന്നു ഓട്ടോയുടെ വരവ്. പുറകില്‍ ഇരുന്ന സ്ത്രീ സ്നേഹം ചാലിച്ച് വിളിച്ചതോടെ ഓട്ടോയില്‍ കയറുകയും ചെയ്തു. വിളിക്കുന്നത് സ്ത്രീയല്ലേയെന്ന് കരുതിയാണ് മറ്റൊന്നും ചിന്തിക്കാതെ സുശീല ഓട്ടോയില്‍ കയറിയത്. എന്നാല്‍ പതിയെ പതിയെ ഓട്ടോയില്‍ ഇരിക്കുന്നവരുടെ രീതി മാറി. വീട്ടിലേയ്ക്കു പോകേണ്ട വഴിയ്ക്കു പകരം പത്താഴക്കുണ്ട് ഡാമിലേയ്ക്കുള്ള വഴിയിലേക്കാണ് ഓട്ടോ തിരിഞ്ഞത്. തന്റെ വീട് ഈ വഴിയില്‍ അല്ലെന്ന് പറഞ്ഞതോടെ സുശീലയ്ക്ക് മര്‍ദ്ദനമേറ്റു. കഴുത്തിലെ മാലയും കൈകളിലെ വളകളും ഊരിയെടുക്കാന്‍ ശ്രമിച്ചു. സുശീല പ്രതിരോധിക്കാന്‍ ശ്രമം നടത്തി. ഒന്നു നിലവിളിച്ചിട്ടു പോലും ആരും കേട്ടില്ല.
ആളും പരിസരവും ഇല്ലാത്ത ഇടത്തേയ്ക്ക് കൊണ്ടുപോയി ആയിരുന്നു മോഷണ ശ്രമം നടത്തിയത്. പിടിവലി കൂടിയതോടെ വഴിയരികില്‍ ഓട്ടോ നിര്‍ത്തിയ ശേഷം യുവാവ് പുറകിലേയ്ക്കു വന്നു. ഓട്ടോയുടെ പുറകില്‍ നിന്ന് ചുറ്റികയെടുത്ത് സുശീലയുടെ തലയില്‍ ആഞ്ഞടിക്കുകയും ചെയ്തു. ഓട്ടോയുടെ ഉള്ളില്‍ ഇരുന്നതിനാലാകണം തലയ്ക്കേറ്റ അടിയുടെ ആഘാതം കുറവായിരുന്നു. എന്നാല്‍ തലയ്ക്ക് ഒന്‍പത് സ്റ്റിച്ച് ഇടേണ്ടതായി വന്നു. മര്‍ദ്ദിച്ച ശേഷം ഡാമില്‍ തള്ളിയിടാനായിരുന്നു പദ്ധതി. ഇതിനിടെ, നിലവിളിയും പിടിവിലിയും തുടര്‍ന്നു. ആളുകള്‍ വരുന്നുണ്ടെന്ന് സംശയിച്ചതോടെ സുശീലയെ വഴിയരികിലേയ്ക്കു തള്ളിയിട്ട് ഓട്ടോ സംഘം മുങ്ങുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഉടനെ, ആശുപത്രിയിലേയ്ക്കു മാറ്റുകയും ചെയ്തു.
സംഭവത്തിനു പിന്നാലെ ഓട്ടോയില്‍ ചുറ്റുന്ന യുവതി അപകടകാരിയാണെന്ന് നാട്ടിലെങ്ങും പാട്ടായി. പോലീസ് അന്വേഷണം നടത്തിയെങ്കിലും ആദ്യഘട്ടത്തില്‍ ഒരു തെളിവും ഇല്ലാതെ വന്നത് അന്വേഷണ സംഘത്തെ വലച്ചു. ശേഷം ഒന്നൊന്നായി കണ്ടെത്തി ദമ്പതികളെ പോലീസ് പിടികൂടി. സംസ്ഥാനത്ത് ഭീതി പടര്‍ത്തിയ ആ ഓട്ടോ ദമ്പതികള്‍ക്ക് വിനയായത് ഓട്ടോ തന്നെയായിരുന്നു. ഓട്ടോയില്‍ ഘടിപ്പിച്ച പ്രത്യേക ലൈറ്റും ഫാന്‍സി സ്റ്റിക്കറുകളുമാണ് അന്വേഷണത്തിന് വഴിതിരിവായത്. ആദ്യം വണ്ടിയുടെ നമ്പര്‍ ആണ് തിരഞ്ഞത്. എന്നാല്‍ ആ ശ്രമം പാളി.
ശേഷം സിസിടിവികള്‍ പരിശോധിക്കുകയായിരുന്നു. അത്താണിയിലെ ഒരു സിസിടിവിയില്‍ നിന്ന് ഓട്ടോയുടെ ദൃശ്യം കിട്ടി. അതിലും നമ്പര്‍ തെളിഞ്ഞിരുന്നില്ല. ശേഷം പാലിയേക്കര ടോള്‍പ്ലാസയുടെ കാമറയിലെ ദൃശ്യങ്ങള്‍ തിരഞ്ഞു. ഓട്ടോ കടന്നു പോയതായി കണ്ടെത്തി. ചാലക്കുടിയിലെ ചില സിസിടിവികളിലും ഓട്ടോ പതിഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ ഒന്നിലും ഓട്ടോയുടെ നമ്പര്‍ വ്യക്തമായിരുന്നില്ല. ശേഷം ചാലക്കുടി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ ആര് ആദിത്യ ഷാഡോ പോലീസിനോട് ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ചാലക്കുടിയിലെ എല്ലാ ഓട്ടോ സ്റ്റാന്‍ഡുകളിലും പോകണം. ഓട്ടോക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഈ ഓട്ടോയുടെ ചിത്രം അയയ്ക്കണമെന്നും പറഞ്ഞു.
ഓട്ടോ തിരിച്ചറിഞ്ഞാല്‍ അത് അന്വേഷണത്തിന് വഴിത്തിരിവാകും എന്ന് നിശ്ചയമുണ്ടായിരുന്നു. എട്ടു സംഘങ്ങളായി തിരിഞ്ഞ് ഷാഡോ പോലീസ് സംഘം പലവഴിയ്ക്കു പോയി. കുറേ ഓട്ടോ സ്റ്റാന്‍ഡുകളില്‍ കയറി. ആളുകള്‍ക്ക് ഓട്ടോയുടെ ചിത്രം കാണിച്ചു കൊടുത്തു. ചില ഓട്ടോക്കാര് പറഞ്ഞു “തൊടുപുഴ, മൂവാറ്റുപുഴ മേഖലകളില്‍ കാണുന്ന ഓട്ടോകള്‍ക്കാണ് മുകളില്‍ രണ്ടു വലിയ ലൈറ്റുകള്‍ ഇങ്ങനെ സ്ഥാപിക്കാറുള്ളത്. ഓട്ടോയില്‍ പതിച്ച ഫാന്‍സി സ്റ്റിക്കറും ഈ മേഖലയില്‍ കണ്ടിട്ടുണ്ട്”. ഇത് അന്വേഷണ സംഘത്തിന് ലഭിച്ച വലിയൊരു തെളിവായിരുന്നു. ഇതേതുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ നാലായിരം ഓട്ടോകള്‍ പരിശോധിച്ചു. ആകെയുള്ള രണ്ടു ഓട്ടോകള്‍ക്കു മാത്രം ഈ ലൈറ്റുണ്ട്. അവര്‍ നല്ല ഡ്രൈവര്‍മാരായിരുന്നു.
പിന്നീട് പോലീസിനെ തുണച്ചത് വഴിയാത്രക്കാരി തന്ന വിവരമായിരുന്നു. ഓട്ടോ സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ക്ക് ഫോട്ടോ കാണിക്കുന്നതിനിടെ അതുവഴി വന്ന യാത്രക്കാരിയും അത് കണ്ടു. അവര്‍ ഷാഡോ പോീസിനോട് ഒരു കാര്യം പറഞ്ഞു. “ഇവിടെ ഒരു പുരുഷനും സ്ത്രീയും വന്ന് താമസിക്കുന്നുണ്ട്. രണ്ടു മാസമായി. ഇതുപോലെ ഒരു ഓട്ടോയിലാണ് അവര്‍ പോകുന്നത്. രാവിലെ ആറു മണിയ്ക്കു പോകും പിന്നെ, രാത്രി പതിനൊന്നു മണിയ്ക്കേ വരാറുള്ളൂ. നാട്ടുകാരോട് ആരോടും സംസാരിക്കാറില്ല”. ഈ വാക്കുകള്‍ കേസിലെ നിര്‍ണ്ണായക വഴിത്തിരിവില്‍ കൊണ്ടെത്തിക്കുകയായിരുന്നു.
പിന്നെ പോലീസിനെ തുണച്ചത് സിസിടിവി ദൃശ്യത്തിലെ ഒരു ചെരുപ്പായിരുന്നു. മേലൂരിലെ വഴിയാത്രക്കാരി പറഞ്ഞ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ആരുമില്ലായിരുന്നു. വീട് പൂട്ടി പുറത്തു പോയിരിക്കുന്നു. എന്നാല്‍ സിസിടിവിയില്‍ കണ്ട ചെരുപ്പ് ആ വീട്ടില്‍ കണ്ടതോടെ പോലീസ് ഉറപ്പിച്ചു. കേസ് അന്വേഷണം അവസാനിച്ചുവെന്ന്. വയോധികയുടെ തലയ്ക്കടിച്ചത് ഇവരാണെന്ന് ഉറപ്പിക്കുകയും ചെയ്തു. ആ രാത്രി മുഴുവന്‍ പോലീസ് സംഘം വീടിന്റെ പരിസരത്തു പലയിടത്തായി തമ്പടിച്ചു. ഇതിനിടെയാണ്, ഓട്ടോയുടെ വരവ്. എന്തോ പന്തികേടു തോന്നിയതിനാല്‍ വീടിന്റെ മുറ്റത്തു എത്തിയ ശേഷം വീണ്ടും ഓട്ടോ തിരിച്ച് പോയി. എന്നാല്‍ പോലീസും പിന്നാലെ പാഞ്ഞു. ഇരുവരെയും പോലീസ് കൈയ്യോടെ പൊക്കി.
ഇടുക്കിയില്‍ ആടുകളെ ഓട്ടോയില്‍ കടത്തിക്കൊണ്ടു പോയ കേസിലെ പ്രതിയായിരുന്നു സിന്ധുവിന് ഒപ്പമുണ്ടായിരുന്ന ജാഫര്‍. നേരത്തെ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. ആ ഭാര്യമാരെ ഉപേക്ഷിച്ച് സിന്ധുവിനൊപ്പം കൂടുകയായിരുന്നു. സിന്ധുവിനെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. രണ്ടു പെണ്മക്കളുണ്ട്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. ഇളയ മകള്‍ ഭര്‍ത്താവിന്റെ വീട്ടിലാണ്. ജാഫറും സിന്ധുവും ഒന്നിച്ചാണ് താമസം. ജാഫറിനെതിരായ കേസുകളില്‍ ഹാജാരാകാനാണ് സ്ഥിരമായി ഓട്ടോയില്‍ ഇടുക്കിയിലേക്ക് പോകുന്നത്. വയോധികയെ തലയ്ക്കിടിച്ച് ഇവര്‍ നേടിയത് മൂന്നര പവന്റെ സ്വര്‍ണ്ണാഭരണമാണ്.
Discussion about this post