അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള മതില് വിവാദം ഒഴിയുന്നില്ല. ട്രംപും മോഡിയും റോഡ് ഷോ നടത്തുന്ന പാതയോരത്തെ ചേരിയുടെ കാഴ്ച മറച്ച് മതില് നിര്‍മിച്ചത് വിവാദമായതിന് പിന്നാലെ മറ്റൊരു ചേരിയെയും മറച്ച് മതില് നിര്‍മിച്ചെന്ന് ആരോപണമുയരുകയാണ്.
ട്രംപും മോഡിയും സഞ്ചരിക്കുന്ന റോഡിന് സമീപത്തെ മറ്റൊരു ചേരിയുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ നിര്‍മ്മിച്ച മതിലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. നാല് അടി ഉയരമുള്ള മതിലാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. ദാരിദ്ര്യത്തെ മതില് കെട്ടി മറയ്ക്കാനാണ് അഹമ്മദാബാദ് നഗര ഭരണകൂടം ശ്രമിക്കുന്നതെന്ന് ചേരി നിവാസികള്‍ പ്രതികരിച്ചു. പുതിയ മതില് നിര്‍മ്മാണവും വിവാദമായിട്ടുണ്ട്.
അതെസമയം വിവാദങ്ങള്‍ നിഷേധിച്ച് അഹമ്മദാബാദ് കോര്പ്പറേഷന് അധികൃതര്‍ രംഗത്ത് എത്തി. ആരോപണം അടിസ്ഥാന രഹിതമാണെന്നും ഒരു മാസം മുമ്പ് മതില് നിര്‍മിക്കുന്നതിനുള്ള തീരുമാനമെടുത്തെന്നും മുന്‍സിപ്പല്‍ കമ്മീഷണര്‍ വിജയ് നെഹ്റ പറഞ്ഞു. കൈയേറ്റം തടയാനാണ് മതില് നിര്‍മിച്ചതെന്നും വിജയ് നെഹ്റ ട്വീറ്റില്‍ പറഞ്ഞു.
Discussion about this post