മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിനായി വലിയ തോതിൽ മുന്നൊരുക്കങ്ങൾ നടത്തുന്നതിനെ വിമർശിച്ച് ശിവസേന. ട്രംപിന്റെ വരവിന് മുന്നോടിയായി നടത്തുന്ന പരിഷ്കാരങ്ങൾ അടിമത്ത മനോഭാവത്തിന്റെ തെളിവാണെന്ന് ശിവസേന മുഖപത്രമായ സാമ്ന വിമർശിച്ചു.
ട്രംപിന്റെ ഇന്ത്യയിലേയ്ക്കുള്ള വരവ് ചക്രവർത്തിയുടെ വരവ് പോലെയാണ് ആഘോഷമാക്കുന്നത്.സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ബ്രിട്ടീഷ് രാജാവോ രാജ്ഞിയോ ഇന്ത്യ പോലുള്ള കോളനി രാജ്യങ്ങൾ സന്ദർശിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങളാണ് ട്രംപിന്റെ വരവിനു മുന്നോടിയായി ആളുകളുടെ നികുതിപ്പണം ഉപയോഗിച്ചു നടത്തുന്നത്. ഇത് ഇന്ത്യക്കാരുടെ അടിമത്ത മനോഭാവത്തിന്റെ പ്രതിഫലനമാണ്-സാമ്ന ചൂണ്ടിക്കാട്ടി.
ട്രംപിന്റെ വരവിനു മുന്നോടിയായി അഹമ്മദാബാദിൽ ചേരികൾ മറയ്ക്കാനായി മതിൽ നിർമിക്കുന്നതിനെ ശിവസേന രൂക്ഷമായി വിമശിച്ചു. ട്രംപിന്റെ ഇന്ത്യയിലേയ്ക്കുള്ള വരവ് മൂലം കറൻസി വിപണിയിൽ രൂപയുടെ മൂല്യം ഇടിയുന്നത് അവസാനിക്കുകയോ മതിലിനു പിന്നിലെ ചേരിനിവാസികളുടെ ജീവിതം മെച്ചപ്പെടുകയോ ഇല്ല. ഒരു കാലത്ത് ഇന്ദിരാ ഗാന്ധി നടത്തിയ ദാരിദ്ര്യം ഇല്ലാതാക്കൂ എന്ന പ്രചാരണം ഏറെ പരിഹസിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ മോഡിയുടെ പദ്ധതി ദാരിദ്രം മറച്ചൂവെക്കൂ എന്നാണെന്ന് സാമ്ന പരിഹസിച്ചു.
ട്രംപിന്റെ വാഹനവ്യൂഹം കടന്നു പോകുന്ന പാതയിലെ ചേരികൾ മറയ്ക്കാനായി മതിൽ നിർമിക്കുന്ന അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന് ഇതിനുള്ള പണം എവിടെ നിന്നാണെന്ന് ചോദിച്ച സാമ്ന ഇന്ത്യയിൽ ഉടനീളം മതിലുകൾ നിർമിക്കാൻ ഇന്ത്യയ്ക്ക് യുഎസ് വായ്പ നൽകുമോ എന്നും ചോദിച്ചു.
ഡൊണൾഡ് ട്രംപ് ഏകദേശം മൂന്ന് മണിക്കൂർ മാത്രമാണ് അഹമ്മദാബാദിൽ ഉണ്ടാകുകയെന്നും എന്നാൽ മതിൽ നിർമാണത്തിന് മാത്രമായി ഏകദേശം 100 കൂടി രൂപയാണ് ഖജനാവിൽ നിന്ന് ചെലവാക്കുന്നതെന്നും ശിവസേന ആരോപിച്ചു. ട്രംപിന്റെ ഇന്ത്യാസന്ദർശനം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റും തമ്മിലുള്ള രാഷ്ട്രീയ ഇടപാടാണെന്നും ശിവസേന ആരോപിച്ചു.
ട്രംപിന്റെ സന്ദർശനം കൊണ്ട് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കോ പാവപ്പെട്ടവർക്കോ ഒരു ഗുണവും ഉണ്ടാകില്ലെന്നും ശിവസേന ആരോപിച്ചു. ട്രംപ് ഒരു അതിബുദ്ധിമാനോ മികച്ച രാഷ്ട്രീയക്കാരനോ ലോകജനതയെ മുഴുവൻ പരിഗണിക്കുന്നയാളോ അല്ലെന്നും ശിവസേന മുഖപത്രം വിശദീകരിക്കുന്നു.
Discussion about this post