കുമരകം: അയല്‍വാസിയായ യുവതിയുടെ ഫോട്ടോ കാണിച്ച് വിവാഹ വാഗ്ദാനം നടത്തി യുവാവിനെ കബളിപ്പിച്ച നാല്പ്പത്തിമൂന്നുകാരി പോലീസ് പിടിയില്‍. തിരുവാര്‍പ്പ് പഞ്ചായത്തില്‍ മണിയത്ര രാജപ്പന്റെ ഭാര്യ ആശാവര്‍ക്കറായ രജി രാജു (43)ആണ് പോലീസ് പിടിയിലായത്. കണ്ണൂര്‍ സ്വദേശി കെഎം വികേഷിനെയാണ് രജി കബളിപ്പിച്ചത്.
സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചായിരുന്നു രജി വികേഷിനെ കബളിപ്പിച്ചത്. അയല്‍വാസിയായ നൃത്താധ്യാപികയുടെ ഫോട്ടോകളും റേഷന്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും കോപ്പികളുമാണ് വിശ്വസിപ്പിക്കാനായി രജി അയച്ചുകൊടുത്തത്.
തിരുവനന്തപുരം സര്‍ക്കാര്‍ ആശുപത്രിയിലെ ടെക്നീഷ്യനാണ് വധുവെന്നാണ് തെറ്റിദ്ധരിപ്പിച്ചിരുന്നത്. വധുവിനെ കാണാന്‍ രണ്ടുതവണ കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തിന് യാത്രതിരിച്ച വരനെ വീട്ടില്‍ മരണം, ചിക്കന്‍ പോക്സ്, വഴിപ്പണി തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് രജി തിരിച്ചയക്കുകയായിരുന്നു.
തുടര്‍ന്ന് ജനുവരി 27-ന് ലോഡ്ജില്‍വെച്ച് കല്യാണനിശ്ചയം നടത്തി. ഫെബ്രുവരി 16-ന് തൃപ്പയാര്‍ ക്ഷേത്രത്തില്‍ വെച്ച് കല്യാണം നടത്താനായി വരന്റെ ബന്ധുക്കള്‍ ഓഡിറ്റോറിയംവരെ ബുക്കുചെയ്തു. ഞായറാഴ്ച കല്യാണം നടത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ വധുവിനെ കാണാന്‍ രജി അവസരം നല്‍കിയില്ല.
അതിനിടെ വരന്റെ കൈയ്യില്‍ നിന്നും രജി വിവാഹത്തിന്റെ പേരില്‍ മൂന്ന് ലക്ഷം രൂപയോളം തട്ടിയെടുക്കുകയും ചെയ്തു. 7025802438 എന്ന വാട്ട്സാപ്പ് നമ്പരാണ് ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. വെള്ളപ്പൊക്ക ദുരിതാശ്വാസം ലഭ്യമാക്കുന്നതിനാണെന്ന വ്യാജേനയാണ് രജി പെണ്‍കുട്ടിയുടെ റേഷന്‍കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും കോപ്പികള്‍ കൈക്കലാക്കിയതെന്ന് അയല്‍വാസികള്‍ പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തെങ്കിലും യഥാര്‍ത്ഥ ഉദ്ദേശ്യം കണ്ടെത്തനായില്ല. ആള്‍മാറാട്ടം, വ്യാജ ഐഡി നിര്‍മിക്കല്‍, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്കാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Discussion about this post