അബുദാബി: ഇനി മുതല്‍ യുഎഇയിലെയും അബുദാബിയിലെയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹോം വര്‍ക്ക് ഉണ്ടാകില്ല. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബായിലെ 23 സ്‌കൂളുകളിലും അബുദാബിയിലെ 233 സ്‌കൂളുകളിലുമാണ് ഫെബ്രുവരി 16 മുതല്‍ ഹോം വര്‍ക്ക് ഒഴിവാക്കുന്നത്.
അധ്യയന നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
സ്‌കൂള്‍ പ്രവൃത്തി സമയത്ത് തന്നെ വിദ്യാര്‍ത്ഥികളുടെ സമയം പരമാവധി ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്‌കാരമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിഭാഗം ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലുബ്‌ന അല്‍ ശംസി പറഞ്ഞു.
അറബിക്, ഇംഗ്ലീഷ്, കണക്ക്, സയന്‍സ്, ഡിസൈന്‍ ആന്റ് ടെക്‌നോളജി എന്നിവയ്ക്ക് 90 മിനിറ്റുകള്‍ വീതം നീളുന്ന ക്ലാസുകളാണുണ്ടാവുക. ഇതില്‍ അഞ്ച് മിനിറ്റ് മെന്റല്‍ സ്റ്റിമുലേഷനും ബാക്കി 50 മിനിറ്റ് അധ്യയനവുമായിരിക്കും. ശേഷിക്കുന്ന സമയം പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കുമെന്നും അല്‍ ശംസി പറഞ്ഞു.
അതേസമയം, നിലവിലെ സ്‌കൂള്‍ സമയം ദീര്‍ഘിപ്പിക്കില്ല. ദുബായിലെ ചില സ്വകാര്യ സ്‌കൂളുകള്‍ നേരത്തെ തന്നെ ഹോം വര്‍ക്ക് ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിരുന്നു.
Discussion about this post