റിയോ ഡി ജനീറോ: ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസ താരം പെലെ വിഷാദരോഗിയായി മാറിയെന്ന് മകന് എഡീഞ്ഞോയുടെ വെളിപ്പെടുത്തല്‍. മോശം ആരോഗ്യസ്ഥിതിയാണ് അദ്ദേഹത്തെ വിഷാദരേഗത്തിലേയ്ക്ക് തള്ളിവിട്ടതെന്നും എഡീഞ്ഞോ പറയുന്നു. ബ്രസീലിയന്‍ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പെലെ തീര്‍ത്തും ഏകാകിയായി മാറിയെന്നും എഡീഞ്ഞോ കൂട്ടിച്ചേര്‍ത്തു.
‘ഒരുകാലത്ത് രാജാവായിരുന്നു പെലെ. ഫുട്ബോളുമായി കുതിച്ച അദ്ദേഹത്തിന് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല എന്ന സത്യം അംഗീകരിക്കാനാകുന്നില്ല. അതു നാണക്കേടായിട്ടാണ് അദ്ദേഹത്തിന് തോന്നുന്നത്. അതാണ് വിഷാദരോഗത്തിലേക്ക് നയിച്ചത്.’ എഡീഞ്ഞോ പറയുന്നു. ഈയടുത്താണ് അദ്ദേഹത്തിന്റെ ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇതോടെ പെലെയ്ക്ക് പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാതെയും വന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി 79-കാരനായ പെലെയുടെ ആരോഗ്യസ്ഥിതി മോശമാണ്.
2014-ല്‍ ഗുരുതരമായ മൂത്രാശയ അണുബാധയെത്തുടര്‍ന്ന് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡയാലിസിസിനായി ഐസിയുവിലേക്ക് മാറ്റി. അസുഖം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ട പെലെ പിന്നീട് ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി. അതിനുശേഷം വീല്‍ചെയറിലായിരുന്നു പെലെയുടെ ജീവിതം. മൂന്നു ലോകകപ്പുകള്‍ നേടിയ ഏക ഫുട്ബോള്‍ താരമാണ് പെലെ. 1958, 1962, 1970 വര്‍ഷങ്ങളിലായിരുന്നു പെലെ ബ്രസീലിനൊപ്പം ലോകകിരീടത്തില്‍ പങ്കാളിയായത്.
Discussion about this post