വുഹാന്‍; ചൈനയില്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിനെ തുരത്താന്‍ പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം. ഇതിനിടെ ശ്രദ്ധേയമാവുകയാണ് ഡോക്ടര്‍ ലി ഷികിയാങ്ങ്. സ്വന്തം വിവാഹ ആഘോഷങ്ങളുടെ സമയം പോലും ചുരുക്കിയാണ് അദ്ദേഹം സദാ രോഗീപരിചരണത്തില്‍ നില്‍ക്കുന്നത്.
വെറും പത്തു മിനിറ്റ് മാത്രം നീണ്ടുനിന്ന ചടങ്ങുകളാണ് ഷികിയാങ്ങിന്റെ വിവാഹത്തിനുണ്ടായത്. ഭാര്യ യു ഹോങ്യാനും ഇക്കാര്യത്തില്‍ പരിഭവമില്ല, കാരണം അവരും ഒരു ഡോക്ടര്‍ ആണ്. വരന്റെയും വധുവിന്റെയും അച്ഛനമ്മമാരടക്കം അഞ്ചു പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആളുകള്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നിര്‍ബന്ധമായും വിട്ടുനില്‍ക്കണമെന്ന നിര്‍ദേശം ഉള്ളതിനാലാണ് വിവാഹത്തിന് ആരെയും ക്ഷണിക്കാതിരുന്നതെന്ന് ഇരുവരും പറയുന്നു. വിവാഹം കഴിഞ്ഞ് ഒന്നിച്ച് ഭക്ഷണം പോലും കഴിച്ചില്ലെന്നു മാത്രമല്ല പല പരമ്പരാഗത ചടങ്ങുകളും ഒഴിവാക്കുകയും ചെയ്തു.
കൊറോണ പരക്കുന്നതിന് മുമ്പ് തീയതി കുറിച്ചതിനാലാണ് വിവാഹം മാറ്റിവെക്കാതിരുന്നതെന്ന് ദമ്പതികള്‍ പറയുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ തങ്ങളേക്കൊണ്ട് ചെയ്യാവുന്ന ഏറ്റവും അനുയോജ്യമായ കാര്യമാണ് ഇതെന്നും ഷികിയാങ്ങും ഭാര്യയും പറയുന്നു.
അതേസമയം, ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 563 ആയി ഉയര്‍ന്നിരിക്കുകയാണ്. ബുധനാഴ്ച 2987 പേര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു, ഇതിനകം 28,018 പേരാണ് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
Discussion about this post