ബംഗളൂരു: യുവതിയെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് താലികെട്ടിയ ബന്ധുവും സുഹൃത്തുക്കളും പോലീസ് പിടിയില്‍. കര്‍ണാടകയിലാണ് സംഭവം. താലി കെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്ത് യുവതിയുടെ അച്ഛന് ആത്മഹത്യക്ക് ശ്രമിച്ചു.
സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളില്‍ കാണുന്നത് ഒരു കാറിലെ നാല് യുവാക്കളെയാണ്. പിന്‍സീറ്റിലുളള യുവതിയുടെ കഴുത്തില്‍ ബലംപ്രയോഗിച്ച് താലികെട്ടാന്‍ ശ്രമിക്കുകയാണ് യുവാവ് ചെയ്യുന്നത്. നിലവിളിക്കുന്ന യുവതി ഇത് തടയാന്‍ ശ്രമിക്കുന്നുണ്ട്.
പോലീസ് പറയുന്നത് ഇങ്ങനെ.
ഹാസനിലെ അരനസിക്കര സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയത് അടുത്ത ബന്ധു മനുവും സുഹൃത്തുക്കളും ചേര്‍ന്നാണ്. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പല തവണ മനു യുവതിയെ സമീപിച്ചിരുന്നു. എന്നാല്‍ സമ്മതിച്ചിരുന്നില്ല. നഗരത്തിലെ തയ്യല്കടയില് ജോലി ചെയ്തിരുന്ന യുവതി തിങ്കളാഴ്ച തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
ബസ് കാത്ത് നില്‍ക്കുന്നതിനിടെ എത്തിയ മനുവും കൂട്ടരും വീട്ടില്‍ വിടാം എന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റി. യുവതിയുമായി കാറില്‍ കറങ്ങിയ സംഘം ബലംപ്രയോഗിച്ച് യുവതിയുടെ കഴുത്തില്‍ താലികെട്ടുകയായിരുന്നു.
പിന്നീട് രാമനഗരയിലെ ക്ഷേത്രത്തിലെത്തി മാലയിട്ടു. രാത്രി ഒരു ബന്ധുവിന്റെ വീട്ടില്‍ കഴിയാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ പോലീസ് സ്ഥലത്തെത്തി യുവതിയെ രക്ഷിക്കുകയായിരുന്നു. മൂന്ന് പേര് അറസ്റ്റിലായി. ഒരാളെ പിടികിട്ടാനുണ്ട്.
Discussion about this post