പൊന്‍കുന്നം: സന്നിധാനത്ത് നിന്ന് അറസ്റ്റിലായതിന് ശേഷം ഇന്നലെ ജാമ്യത്തിലിറങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് പൊന്‍കുന്നത്ത് വന്‍ സ്വീകരണം. സന്നിധാനത്ത് പിടിയിലായ പൊന്‍കുന്നം സ്വദേശികളായ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കണ്ണന് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്വീകരണം നല്‍കിയത്.
ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും പോലീസ് സ്റ്റേഷന് ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ രാത്രിയാണ് നടയടയ്ക്കുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിത പ്രതിഷേധം നടത്തിയ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായത്. പതിനെട്ടാം പടിക്ക് പരിസരത്തും വാവര് നടയ്ക്ക് മുന്നിലെ പോലീസ് ബാരിക്കേടിനുള്ളില്‍ കടന്നും നാമം വിളിച്ചവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രാത്രി പത്തരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പോലീസിന്റെ കണ്ണുവെട്ടിച്ച് വാവര് നടയ്ക്ക് മുന്നിലെ ബാരിക്കേട് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതോളം പേരും ശരണം വിളിച്ചു. ഇത് അതീവ സുരക്ഷാ മേഖലയാണെന്നും പിന്മാറിയില്ലെങ്കില് അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പോലീസ് അറിയിച്ചു.
എന്നാല്‍ ഇരു സംഘങ്ങള്‍ക്ക് ചുറ്റും പോലീസ് നിലയുറപ്പിച്ചെങ്കിലും ശരണം വിളി തുടര്‍ന്നു. ഹരിവരാസനം പാടി നടയടച്ചതിനു തൊട്ടു പിന്നാലെ കസ്റ്റഡിയിലെടുക്കുന്നതായി പോലീസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് എസ്പി ശിവ വിക്രത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ചു.
അന്യായമായാണ് പോലീസ് കുട്ടികളെയടക്കം കസ്റ്റഡിയിലെടുത്തതെന്നും നടയടച്ചശേഷം ശരണം വിളിച്ചിട്ടില്ലെന്നും കസ്റ്റഡിയിലായവര്‍ പറഞ്ഞു. കസ്റ്റഡിയിലായവര്‍ക്ക് പരസ്പരം പരിജയമില്ലെന്നും ഒരു സംഘടനയുമായും ബന്ധമില്ലെന്നും ഇവര്‍ പറഞ്ഞു.
എന്നാല്‍ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെജി കണ്ണന് അടക്കം സംഘത്തിലുള്ളതായി വിവരം പുറത്തുവരികയായിരുന്നു. സമരം തികച്ചും ആസൂത്രിതമെന്നും വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതികളായവരും ഇക്കൂട്ടത്തിലുണ്ടെന്നും പോലീസ് പറയുന്നു. നിരോധനാജ്ഞ ലംഘിച്ചു, മാര്‍ഗതടസമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവരുടെ പേരില്‍ ചുമത്തിയത്. മണിയാര്‍ ക്യാമ്പിലെത്തിച്ച ശേഷമാണ് സ്റ്റേഷന് ജാമ്യം അനുവദിച്ചത്.
Discussion about this post