ചെന്നൈ: ആദായ നികുതി വകുപ്പ് ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും കസ്റ്റഡിയിലെടുത്ത തമിഴ് സൂപ്പർതാരം വിജയ് ഇപ്പോഴും കസ്റ്റഡിയിലെന്ന് സൂചന. താരത്തിനെ ചോദ്യം ചെയ്യുന്നതിനായി ആദായവകുപ്പ് ഉദ്യോഗസ്ഥർ മാസ്റ്റർ സിനിമയുടെ സെറ്റിൽ നിന്നും ചെന്നൈയിലെ വീട്ടിലെത്തിച്ചു. ആദായ നികുതി വകുപ്പിന്റെ വാഹനത്തിലാണ് വിജയിയെ കൊണ്ട് വന്നത്. വിജയ് അഭിനയിച്ച ബിഗിൽ എന്ന സിനിമയുടെ നിർമ്മാണ കമ്പനിയായ എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. എജിഎസിന്റെ ഓഫീസുകളിൽ നടന്ന റെയ്ഡിൽ 25 കോടിയോളം രൂപയും രേഖകളും പിടിച്ചെടുത്തായാണ് സൂചന. അതേസമയം, വിജയ്യെ പനയൂരിലെ വസതിയിൽ വച്ച് ഇപ്പോഴും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
ഇതോടൊപ്പം രേഖകൾ പരിശോധിക്കാനുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന വിശദീകരണം. വിജയ്യുടെ ചെന്നൈ സാലിഗ്രാമിലുള്ള വീട്ടിൽ റെയ്ഡ് നാല് മണിക്കൂർ പിന്നിട്ടു, ഇവിടുത്തെ നടപടിക്രമങ്ങൾ ഏകദേശം അവസാനിച്ചതായാണ് വിവരം. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് മാസ്റ്റർ ലൊക്കേഷനിൽ നിന്നും വിജയ്യെ ഉദ്യോഗസ്ഥർ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെപ്പിച്ച് കസ്റ്റഡിയിലെടുത്തത്. 4:30 ഓടെ കൂടി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയുമായി കുടലൂർ വഴി ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു.
വിജയ്യുടേതായി ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം ബിഗിലിൻറെ നിർമ്മാതാക്കളായ എവിഎസ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഇരുപതോളം കേന്ദ്രങ്ങളിൽ ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. രണ്ട് വർഷം മുൻപ് മെർസൽ സിനിമ റിലീസായ സമയത്തും സമാനമായ പരിശോധന ആദായനികുതി വകുപ്പ് നടത്തിയിരുന്നു എന്നാൽ അന്നും ചട്ടവിരുദ്ധമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
Discussion about this post