തൃശ്ശൂര്‍: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠനയാത്ര വിലക്കി ജില്ലാ കളക്ടര്‍. തൃശ്ശൂര്‍ ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ കൊറോണ ദുരന്തമായി പ്രഖ്യാപിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് കളക്ടറുടെ പുതിയ നിര്‍ദേശം.
കൊറോണ വൈറസ് ബാധയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ജില്ലയില്‍ കൂടുതല്‍ പേര് കൊറോണ വൈറസ് നിരീക്ഷണത്തില്‍ നില്ക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന സാഹചര്യം താത്കാലികമായി ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ക്ക് വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
പഠനയാത്രകള്‍ ഒഴിവാക്കാനുള്ള നിര്‍ദേശത്തോട് വിദ്യാഭ്യാസസ്ഥാപനങ്ങളും സഹകരിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്ത് 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കരുതലോടെയാണ് കേരളം മുന്നേറുന്നത്.
Discussion about this post