ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിയുമെന്ന് ടൈംസ് നൗ സര്‍വെ ഫലം. രാജ്യ തലസ്ഥാനത്തിന്റെ ഭരണം പിടിച്ചടക്കാമെന്നത് മോഡിയുടെയും അമിത് ഷായുടെയും വെറും സ്വപ്നമായി തന്നെ അവശേഷിക്കുമെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്.
ഡല്‍ഹി പിടിച്ചെടുക്കണമെന്നത് ബിജെപിയുടെ വര്‍ഷങ്ങളോളമായുള്ള ലക്ഷ്യമാണ്. എന്നാല്‍ ഇത്തവണയും ജനങ്ങള്‍ ബിജെപിയെ അകറ്റിനിര്‍ത്തുമെന്നാണ് സര്‍വ്വേഫലം ചൂണ്ടിക്കാട്ടുന്നത്. ഇതിന് മുമ്പ് പത്തു വര്‍ഷം കോണ്‍ഗ്രസിനും കഴിഞ്ഞ അഞ്ച് വര്‍ഷം എഎപിക്കും അവസരം കൊടുത്ത ഡല്‍ഹി ജനത ഇത്തവണ തങ്ങളെ സ്വീകരിക്കുമെന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലം.
70 അംഗ നിയമസഭയില്‍ 54 നും 60 നും ഇടയില്‍ സീറ്റുകള്‍ നേടി ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിക്കുമെന്നാണ് ടൈംസ് നൗവിന്റെ സര്‍വെ ഫലം പറയുന്നത്. ഇതേസമയം, ബിജെപിക്ക് 10 മുതല്‍ 14 വരെ സീറ്റുകളും കോണ്‍ഗ്രസിന് രണ്ട് സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍വെ ഫലം പറയുന്നു.
ഇതേ സര്‍വെ ഫലത്തില്‍, ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍, കഴിഞ്ഞ വര്‍ഷത്തേതുപോലെ തലസ്ഥാനത്തെ ഏഴ് സീറ്റുകളും ബിജെപി നേടുമെന്ന് പ്രവചിക്കുന്നു. Ipsos നടത്തിയ സര്‍വെയില്‍ ബിജെപി 34 ശതമാനം വോട്ട് വിഹിതം നേടുമ്പോള്‍ എഎപിക്ക് 52 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നാണ് പറയുന്നത്. വെറും നാല് ശതമാനം മാത്രമായിരിക്കും കോണ്‍ഗ്രസ് നേടുന്ന വോട്ട് വിഹിതം.
Discussion about this post