നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ പ്രമുഖ ഭക്ഷണ നിർമ്മാണ കമ്പനിയായ ഹൽദിറാംസിന്റെ കെട്ടിടത്തിൽ അമോണിയ വാതകം ചോർന്ന് ഒരാൾ മരിച്ചു. കമ്പനിയിലെ അമോണിയ ഓപ്പറേറ്ററായ സജ്ജീവ് കുമാറാണ് (42) മരണപ്പെട്ടത്. 300ലേറെ പേരെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വാതക ചോർച്ചയുണ്ടായത്.
വാതകം ചോർന്നയുടൻ തന്നെ സ്ഥലത്തെത്തിയ പോലീസും ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമന സേനയും ചേർന്നാണ് ജോലിക്കാരെ കെട്ടിടത്തിനുള്ളിൽനിന്ന് പുറത്തെത്തിച്ചത്. കെട്ടിടത്തിനുള്ളിലും വായുവിലേക്കും അതിവേഗം കലർന്ന അമോണിയ വാതകം അഗ്നിശമന സേന വെള്ളം തളിച്ച് നിർവീര്യമാക്കിയതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.
കമ്പനിയുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കായും രണ്ട് യൂണിറ്റുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇതിൽ അറ്റകുറ്റപ്പണിക്കുള്ള യൂണിറ്റിലാണ് അപകടമുണ്ടായത്. നാല് അമോണിയ കണ്ടെൻസറിൽ ഒന്നിലാണ് ചോർച്ചയുണ്ടായത്. 22 ജോലിക്കാരെയാണ് ഇവിടെനിന്നും ഒഴിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഇതിൽ ഒരാളാണ് മരണപ്പെട്ടതെന്നു ദുരന്ത നിവാരണ അതോറിറ്റി അസിസ്റ്റന്റ് കമാന്റ് അനിൽ കുമാർ വ്യക്തമാക്കി.
Discussion about this post