മാവേലിക്കര: മാല മോഷണക്കേസില്‍ ജയിലില്‍ കഴിയേണ്ടി വന്ന ആള്‍ നിരപരാധിയെന്ന് തെളിഞ്ഞു. 47 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് നിരപരാധിയെന്ന് തെളിഞ്ഞത്. 59 കാരനായ ചെട്ടികുളങ്ങര കൈത തെക്ക് മങ്ങാട്ടേത്ത് കളയ്ക്കല്‍ ജി രമേശ് കുമാറിനാണ് ഈ ദുര്‍ഗതി വന്നത്. കള്ളനെന്ന പേര് ലഭിച്ചതോടെ രമേശിന് വീടും ജോലിയും നഷ്ടപ്പെട്ടു. ഇതോടെ ജീവിതം കടത്തിണ്ണയിലായി.
കസ്റ്റഡിയിലിരിക്കെ ഏറ്റ ക്രൂരമര്‍ദനത്തിന്റെയും നാട്ടുകാര്‍ക്കുമുന്‍പില്‍ കള്ളനാകേണ്ടിവന്നതിന്റെ വേദനയും പേറിയാണ് ഇപ്പോള്‍ രമേശിന്റെ ജീവിതം. സ്ഥലവാസിയായ പുളിമൂട്ടില്‍ കാര്‍ത്ത്യായനിയുടെ മാലപൊട്ടിച്ച കേസിലാണ് രമേശ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, മാലപൊട്ടിച്ചത് താനാണെന്ന് മറ്റൊരു മോഷണക്കേസില്‍ അറസ്റ്റിലായ കായംകുളം മേനാമ്പള്ളി സ്വദേശി നിധിന്‍ (32) കഴിഞ്ഞ ദിവസം ഏറ്റുപറയുകയായിരുന്നു. ഇതോടെയാണ് രമേശിന്റെ നിരപരാധിത്വം തെളിഞ്ഞത്.
നവംബര്‍ 12-ന് പുലര്‍ച്ചേയായിരുന്നു സംഭവം. മാലപൊട്ടിച്ച ആള്‍ രമേശ്കുമാറിന്റെ വീട്ടിലേക്ക് ഓടിക്കയറിയെന്ന കാര്‍ത്ത്യായനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രമേശ് കുമാറിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടത്. 47 ദിവസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. മോഷണക്കേസില്‍പ്പെട്ടതോടെ വീട്ടുകാര്‍ രമേശിനെ കൈയൊഴിയുകയായിരുന്നു. കായംകുളം ചെറിയ പത്തിയൂരിലെ സ്വകാര്യ സ്‌കൂളിലെ ഡ്രൈവര്‍ ജോലിയായിരുന്നു രമേശിന്. ഇതോടെ ആ ജോലിയും നഷ്ടപ്പെട്ടു. മോഷണക്കേസിലെ പ്രതിയായതിനാല്‍ ജാമ്യത്തിലറങ്ങിയിട്ടും ആരും സഹകരിച്ചില്ലെന്ന് രമേശ് നിറകണ്ണുകളോടെ പറയുന്നു.
രമേശിന്റെ വാക്കുകള്‍;
‘കസ്റ്റഡിയിലെടുത്തശേഷം മാവേലിക്കര പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. മാല മോഷ്ടിച്ചത് താനാണെന്ന് സമ്മതിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. ജീവന്‍ പോയാലും സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഇടിയുടെ ശക്തിയും കൂടി. മര്‍ദിച്ചത് കോടതിയില്‍ പറഞ്ഞാല്‍ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ കാണിച്ചുതരുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തി. ഇതിനാല്‍ മജിസ്ട്രേറ്റ് ചോദിച്ചപ്പോള്‍ ദേഹോപദ്രവം ഉണ്ടായില്ലെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി, ഡിജിപി, പോലീസ് കംപ്ലയിന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവരെ സമീപിച്ച് എനിക്കുനേരിടേണ്ടിവന്നിരിക്കുന്ന ദുരന്തത്തെപ്പറ്റി അറിയിക്കും’
Discussion about this post