ലഖ്നൗ: രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി 23 കുട്ടികളെയാണ് സുഭാഷ് ബന്ദിയാക്കിയത്. ഏറെ നേരം സുഭാഷിനെ മയപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ പോലീസ് അക്രമിയായ സുഭാഷിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഇയാളെ കൊലപ്പെടുത്തിയ ശേഷമാണ് പോലീസിന് കുട്ടികളെ രക്ഷപ്പെടുത്താനായത്. എന്നാല്‍ ഇപ്പോള്‍ സുഭാഷ് മജിസ്ട്രേറ്റിന് അയച്ച ചില പരാതികള്‍ പുറത്ത് വന്നിരിക്കുകയാണ്. തനിക്ക് വീടും കക്കൂസും നിഷേധിച്ചുവെന്നാണ് നല്‍കിയിരിക്കുന്ന പരാതി.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമാണ് സുഭാഷ് വീടിന് അപേക്ഷിച്ചത്. സ്വച്ഛ് ഭാരത് മിഷന് പദ്ധതി പ്രകാരം കക്കൂസിനും അപേക്ഷിച്ചു. എന്നാല്‍ ഇവ രണ്ടും തനിക്ക് നിഷേധിച്ചുവെന്നാണ് കത്തില്‍ പറയുന്നത്. നിരവധി തവണ അധികൃതരെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്ന് സുഭാഷ് ആരോപിക്കുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലെ വീട്ടിലാണ് കൊലക്കേസ് പ്രതിയായ സുഭാഷ് 23 കുട്ടികളെ ബന്ദികളാക്കിയത്. തന്റെ മകളുടെ പിറന്നാള്‍ ആഘോഷത്തിന് ക്ഷണിച്ചാണ് കുട്ടികളെ വരുത്തിയത്. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികള്‍ വരാതെ ആയതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ബന്ദിയാക്കിയ വിവരം പുറത്തറിഞ്ഞത്. ശേഷം നീണ്ട എട്ട് മണിക്കൂര്‍ നേരം അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. ഫലമില്ലാതെ വന്നതോടെയാണ് വെടിവെച്ചിട്ടത്.
സംഭവത്തില്‍ പ്രകോപിതരായ ആള്‍ക്കൂട്ടം അക്രമിയുടെ ഭാര്യയെയും തല്ലിക്കൊന്നിരുന്നു. കുട്ടികളെ മോചിപ്പിച്ചതിനു പിന്നാലെയാണ് ജനം ഭാര്യയെ തല്ലികൊന്നത്. ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച സുഭാഷ് ബാഥം അടുത്തിടെയാണ് പരോളില്‍ ഇറങ്ങിയത്. ഇയാള്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.
Discussion about this post