ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ വിധിച്ചിരിക്കുന്ന നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ പാർപ്പിച്ചിരിക്കുന്ന തിഹാർ ജയിലിലേക്ക് ആരാച്ചാർ എത്തി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി സിന്ധി റാം(പവൻ ജല്ലാദ്) ആണ് ജയിലിൽ ഔദ്യോഗികമായി ആരാച്ചാർ ജോലിയിൽ ജോയിൻ ചെയ്തത്. വധശിക്ഷ നടപ്പാക്കുന്ന മൂന്നാം നമ്പർ ജയിലിലെ സ്ഥലം അദ്ദേഹം പരിശോധിച്ചു. ഒരാളെ തൂക്കിലേറ്റുന്നതിന് 15000 രൂപയാണ് ആരാച്ചാർക്ക് പ്രതിഫലം ലഭിക്കുക. നാല് പേരുടെ ശിക്ഷ നടപ്പാക്കുന്നതിന് മൊത്തം 60,000 രൂപ പ്രതിഫലം നൽകുമെന്ന് സീനിയർ ജയിൽ ഓഫീസർ പറഞ്ഞു.
ജയിലിൽ നാല് പേർക്ക് വധശിക്ഷ നടപ്പാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ആരാച്ചാർ പരിശോധിച്ചു. കയറുകളുടെയും തൂക്കുമരങ്ങളുടെയും ബലം പരിശോധിച്ച് ഉറപ്പ് വരുത്തി. നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റുമെന്നാണ് റിപ്പോർട്ട്. അഞ്ച് പെൺമക്കളുടെയും രണ്ട് ആൺമക്കളുടെ പിതാവായ പവൻ ജല്ലാദ് കുടുംബത്തോടൊപ്പം മീററ്റിലെ ലോഹ്യ നഗറിലെ കാഷിറാം കോളനിയിലാണ് താമസം. ഇയാളുടെ അച്ഛൻ മമ്മു സിംഗ്, മുത്തച്ഛൻ കല്ലു ജല്ലാദ് എന്നിവരും ആരാച്ചാർമാരായിരുന്നു. കല്ലു ജല്ലാദിന്റെ അച്ഛൻ ബ്രിട്ടീഷ് ഭരണകാലത്ത് ആരാച്ചാരായിരുന്നു.
അതേസമയം, വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടും രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചും പ്രതികൾ വീണ്ടും നിയമ നടപടികൾ സ്വീകരിച്ചതോടെ ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിർഭയകേസ് പ്രതി അക്ഷയ് സിങ് സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
അതേസമയം, പ്രതികളിലൊരാളായ വിനയ് ശർമ്മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിരുന്നു. ദയാഹർജിയിൽ തീരുമാനമെടുത്ത് 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. കേസിലെ പ്രതി മുകേഷ് സിങ് നൽകിയ ആദ്യ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു.
2012 ഡിസംബർ 16നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ഡൽഹിയിൽ സ്വകാര്യ ബസിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29ന് മരണം സംഭവിക്കുകയായിരുന്നു.
Discussion about this post