ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി. 7711 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചൈനയ്ക്ക് പുറമെ യുഎസ്, യുഎഇ, ദക്ഷിണ കൊറിയ, ജപ്പാന്, തായ്വാന്, തായ്ലാന്റ്, യൂറോപ്പ്, ഓസ്ട്രേലീയ എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ വൈറസ് പടരുന്നതിനെ തുടര്‍ന്ന് ഗൂഗില്‍ ചൈനയിലെ തങ്ങളുടെ എല്ലാ ഓഫീസുകളും അടിയന്തരമായി അടച്ചുപൂട്ടി. ഹോംങ്കോംങിലേയും തായ്വാനിലേയും ഓഫീസുകളും ഇതിനൊപ്പം അടച്ചിട്ടുണ്ട്. ഇതിന് പുറമെ മക് ഡൊണാള്‍ഡിന്റേത് അടക്കമുള്ള നിരവധി റെസ്റ്റോറന്റുകളും ചൈനയില്‍ അടച്ചുപൂട്ടിയിട്ടുണ്ട്. കൊറോണവൈറസ് ചൈനയുടെ സാമ്പത്തിക മേഖലയേയും സാരമായി ബാധിക്കുന്നതിന്റെ സൂചനയാണിത്.
അതേസമയം കൊറോണ വൈറസ് വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഹോങ് കോങ്ങും ഫിലിപ്പീന്‍സും. ഇതിനു പുറമെ ബ്രിട്ടീഷ് എയര്‍വേസ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, കാത്തേ പസഫിക്, ലയണ്‍ എയര്‍ എന്നീ അന്താരാഷ്ട്ര വിമാനസര്‍വീസ് കമ്പനികള്‍ ചൈനയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.
Discussion about this post